നെഹ്റുവിനെക്കുറിച്ചുള്ള അമേരിക്കൻ പുസ്തകം വായിക്കണമെന്നു മോദി
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: വിദേശനയത്തിൽ താത്പര്യമുള്ളവർ അമേരിക്കൻ പ്രസിഡന്റ് ജോണ് എഫ്. കെന്നഡിയുമായി ജവഹർലാൽ നെഹ്റു നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചു വെളിച്ചം വീശുന്ന ‘ജെഎഫ്കെ’സ് ഫൊർഗോട്ടൻ ക്രൈസിസ്: ടിബറ്റ്, ദ സിഐഎ ആൻഡ് ദ സിനോ- ഇന്ത്യൻ വാർ’ എന്ന പുസ്തകം വായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് പ്രധാനമന്ത്രി മോദിക്കു ക്ഷണം കിട്ടാനായി വിദേശകാര്യ മന്ത്രിയെ മൂന്നോ നാലോ തവണ അമേരിക്കയിലേക്ക് അയച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പരിഹാസത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമർശം.
ഈ പുസ്തകം എഴുതിയത് ഒരു വിദേശകാര്യ പണ്ഡിതനാണ്. വിദേശകാര്യ വകുപ്പ് ഭരിച്ചിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ച് ഇതിൽ പരാമർശമുണ്ട്. രാജ്യം ഒരു പ്രതിസന്ധിഘട്ടത്തിൽ ഇടപെടുന്പോൾ ജെഎഫ്കെയുമായി അദ്ദേഹം നടത്തിയ സംഭാഷണം പുസ്തകത്തിലുണ്ട്. വിദേശനയത്തിന്റെ പേരിൽ എന്തൊക്കെ കളികളാണു കളിച്ചതെന്ന് പുസ്തകത്തിൽ വിശദമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയുടെ 4,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു ചൈന കടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി തിങ്കളാഴ്ച ലോക്സഭയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദി ഇക്കാര്യം നിഷേധിച്ചെങ്കിലും സൈന്യം ഇതിനു വിരുദ്ധമായാണു പ്രതികരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു. മേക്ക് ഇൻ ഇന്ത്യ പരാജയപ്പെട്ടതാണു ചൈനയുടെ അതിക്രമത്തിനു കാരണമായതെന്നും രാഹുൽ പറഞ്ഞിരുന്നു.
എന്നാൽ, പ്രധാനമന്ത്രി എന്തിനാണ് ഈ പുസ്തകം പരാമർശിച്ചതെന്നു മനസിലായില്ലെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചയുമായി ഇതിനെന്തു ബന്ധമുണ്ടെന്നും കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂർ ചോദിച്ചു. റീഡലിന്റെ പുസ്തകം ഏഴു വർഷം മുന്പ് വായിച്ചു. 1962ൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടായപ്പോൾ രഹസ്യമായി ഇന്ത്യയെ അമേരിക്ക സഹായിച്ചുവെന്ന് അതിൽ പറഞ്ഞിരുന്നു. ഇന്ത്യ സഹായം അഭ്യർഥിച്ചതായും അതിൽ പറഞ്ഞിരുന്നു. അന്നത്തെ ഇന്ത്യയുടെ യുദ്ധസാഹചര്യം നല്ലതായിരുന്നില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി.
വിദേശനയത്തിന്റെയും രാജ്യസുരക്ഷയുടെയും പേരിൽ നെഹ്റുവിന്റെ നടപടികളെക്കുറിച്ചു പ്രതിപാദിക്കുന്നതാണ് മോദി പരാമർശിച്ച മുൻ സിഐഎ ഉദ്യോഗസ്ഥനായ ബ്രൂസ് റീഡലിന്റെ പുസ്തകം. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തെക്കുറിച്ചും ചൈനയ്ക്കെതിരേ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കെന്നഡിക്ക് നെഹ്റു കത്തയച്ചതിനെക്കുറിച്ചും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്.