വനവിസ്തൃതി കുറയ്ക്കാൻ പാടില്ല: സുപ്രീംകോടതി
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: രാജ്യത്തു വനവിസ്തൃതി കുറയ്ക്കുന്നതിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിലക്കി സുപ്രീംകോടതി.
കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ വനഭൂമി കുറയ്ക്കുന്നതിനു കാരണമാകുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന ഇടക്കാല ഉത്തരവും ജസ്റ്റീസുമാരായ ബി.ആർ. ഗവായിയും കെ. വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങൾക്കായി വനഭൂമി ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽപ്പോലും വനവത്കരണത്തിന് ബദൽ ഭൂമി നൽകണം.
2023 ലെ വന നിയമത്തിലെ ചില ഭേദഗതികൾ ചോദ്യംചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം.
2023 ലെ വന നിയമത്തിലെ ചില ഭേദഗതികൾമൂലം 1.97 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വനമേഖലയിൽനിന്ന് ഒഴിവാക്കിയതായും അതിനാൽ ഈ ഭൂമിക്കു നിയമപരമായ സംരക്ഷണം നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിരമിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
നിയമത്തിലെ ഭേദഗതികൾ രാജ്യത്തിന്റെ കാലങ്ങളായുള്ള വന ഭരണവ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും വനഭൂമി കുറയുന്നത് സുപ്രീംകോടതിയുടെ മുൻകാല വിധികളുടെ ലംഘനമാകുമെന്നും ഹർജിക്കാർ ആരോപിച്ചു.
വനവിസ്തൃതി വർധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നിയമപരമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു നിലവിലെ രാജ്യത്തിന്റെ വനവിസ്തൃതിക്ക് കാര്യമായ ദോഷം വരുത്തുമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി.