ഇഎസ്എ: സർക്കാരിന്റെ മറുപടി ലഭിച്ചില്ലെന്നു കേന്ദ്രം
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച ശിപാർശയോടു കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ട വിശദീകരണത്തിന് കേരളത്തിന്റെ മറുപടി ലഭിച്ചില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്.
വിശദീകരണം ആവശ്യപ്പെട്ടു കഴിഞ്ഞ ഡിസംബർ 23ന് അയച്ച കത്തിന് സംസ്ഥാനസർക്കാർ ഇതുവരെയും മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. നിലവിലെ ഇഎസ്എ ഭൂപടത്തിൽനിന്ന് 98 വില്ലേജുകളിലായി 1,403.01 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണമെന്നാണു കേരളത്തിന്റെ ശിപാർശ. ഇത് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നൽകിയ കത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേരളംതന്നെ ശിപാർശ ചെയ്തിട്ടുള്ള ബഫർ സോണ് മേഖലകളിൽനിന്നു ചില പ്രദേശങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടുന്നതിന്റെ യുക്തി, സംരക്ഷിതമേഖലയിൽ നിലവിൽ ഉൾപ്പെട്ടിരിക്കുന്ന ഇടുക്കിയിലെ പൂപ്പാറ, ശാന്തൻപാറ തുടങ്ങിയ ഗ്രാമങ്ങളുടെ ചില ഭാഗങ്ങൾ പരിസ്ഥിതിലോല പ്രദേശങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്, കാർഡമം ഹിൽ സംബന്ധിച്ച വിവരം, പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ഇടുക്കി അണക്കെട്ടിനോടു ചേർന്നുള്ള പ്രദേശങ്ങളിലെ ചില മേഖലകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതിലെ യുക്തി, മണ്ണിടിച്ചിലിനു വലിയ സാധ്യതകളുള്ള വയനാട്ടിലെ ചില പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലകളിൽനിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതിന്റെ കാരണം, സംസ്ഥാനത്തിന്റെ ശിപാർശപ്രകാരം
പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലെ ചില ഭാഗങ്ങൾ ഇഎസ്എയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള വിശദീകരണം, നിലവിലുള്ള കരട് വിജ്ഞാപനത്തിൽ ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കിയിട്ടുള്ളതിനാൽ പുതിയതായി വീണ്ടും ആവശ്യമുന്നയിക്കുന്നതിന്റെ വിശദീകരണം എന്നിവയാണു കേന്ദ്രം തേടിയിട്ടുള്ളത്.
ഇത്തരത്തിൽ ചില പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലകളിൽനിന്ന് ഒഴിവാക്കുന്നതിലൂടെ സംസ്ഥാനത്തെ ചില വന്യജീവി ഇടനാഴികൾ പൂർണമായും നശിക്കുമെന്ന് കേന്ദ്രം ആവശ്യപ്പെട്ട വിശദീകരണത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയിൽ ഉൾപ്പെടുന്നതെന്നു രേഖപ്പെടുത്തി സംസ്ഥാന സർക്കാർ കഴിഞ്ഞ നവംബർ രണ്ടിനാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിക്ക് അന്തിമ റിപ്പോർട്ട് കൈമാറിയത്.
ജില്ലാതല സൂക്ഷ്മ സമിതികൾ നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന പരിസ്ഥിതി വകുപ്പ് ജില്ലകളിൽ പരിശോധനയ്ക്കായി നൽകിയ കരട് റിപ്പോർട്ടിലും കേരളം ഭേദഗതി വരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരംകൂടി ലഭിച്ചശേഷമാണു സംസ്ഥാനം കേന്ദ്രത്തിന് അന്തിമ റിപ്പോർട്ട് കൈമാറിയത്.
എന്നാൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ട കത്തിലൂടെ ആവശ്യപ്പെട്ട വിശദീകരണം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കും മുന്പ് നൽകേണ്ടതുണ്ട്. മറുപടി നൽകുന്നത് സംസ്ഥാന സർക്കാർ വൈകിക്കുകയോ കാര്യകാരണങ്ങൾ വ്യക്തമാക്കാതിരിക്കുകയോ ചെയ്താൽ കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഡീൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം പരിസ്ഥിതിലോല പ്രദേശം പരിമിതപ്പെടുത്തണം എന്നുതന്നെയാണ് എല്ലാ എംപിമാരും കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നും ഡീൻ പറഞ്ഞു.