തലസ്ഥാന പോരാട്ടം ഇന്ന്
Wednesday, February 5, 2025 4:19 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ജനങ്ങൾ ഇന്നു വിധിയെഴുതും. ഡൽഹിയിൽ വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് രാജ്യതലസ്ഥാനത്ത് ജനവിധി തേടുന്നത്. ഇന്നലെ ഉച്ചയോടെ വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. 150 കന്പനി അർധസൈനികരെയും 30000 പോലീസുകാരെയുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ സജീവ പ്രചാരണമാണു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ തലസ്ഥാനം കണ്ടത്. നീണ്ട ഇടവേളയ്ക്കുശേഷം ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപിയും പ്രചാരണത്തിൽ സജീവമായിരുന്നു.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽ പോലും വിജയിക്കാത്ത കോണ്‍ഗ്രസും ഒരുകാലത്ത് തങ്ങളുടെ കോട്ടയായിരുന്ന ഡൽഹി തിരിച്ചുപിടിക്കാനുള്ള കടുത്ത ശ്രമത്തിലാണ്. ഡൽഹി നിവാസികളുടെ മനസ് ആർക്കൊപ്പമാണെന്ന് വോട്ടെണ്ണുന്ന എട്ടിന് അറിയാം.