ത്രിവേണിയിൽ സ്നാനം ചെയ്ത് ഭൂട്ടാൻ രാജാവ്
Wednesday, February 5, 2025 4:01 AM IST
മഹാകുംഭ് നഗർ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാംഗ്ചുക്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭൂട്ടാൻ രാജാവിനെ അനുഗമിച്ചു.
സൂര്യന് അർഘ്യം ചെയ്തശേഷം കാവിനിറത്തിലുള്ള കുർത്തയും പൈജയുമായും ധരിച്ചായിരുന്നു സ്നാനം.മഹാമണ്ഡലേശ്വർ സന്തോഷ് ദാസ് ജി മഹാരാജിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ സ്വതന്ത്ര ദേവ് സിംഗ്, നന്ദഗോപാൽ ഗുപ്ത എന്നിവരും സ്നാനം ചെയ്തു. രാജ്ഭവനിലെത്തിയ ഭൂട്ടാൻ രാജാവിനെ ഗവർണർ ആനന്ദിബെൻ പട്ടേൽ സ്വീകരിച്ചു.
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി. ഇന്ത്യ-ഭൂട്ടാൻ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന് ഈ സന്ദർശനം ഉപകരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മഹാകുംഭമേളയിൽ ജനുവരി 13മുതൽ 37.50 കോടി ആളുകൾ സ്നാനം ചെയ്തുമടങ്ങിയതായാണ് യുപി സർക്കാരിന്റെ കണക്ക്.