ആനകളുടെ ആക്രമണം ; അഞ്ചു വർഷത്തിനിടെ രാജ്യത്തു കൊല്ലപ്പെട്ടത് 2853 പേർ
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: രാജ്യത്ത് ആനകളുടെ ആക്രമണത്തിൽ അഞ്ചു വർഷത്തിനിടെ 2853 പേർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക്. 2019 മുതൽ 2024 ജൂലൈ വരെയുള്ള കണക്കുകൾപ്രകാരം കേരളത്തിൽ 114 പേർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്.
അഞ്ചു വർഷ കാലയളവിൽ ഏറ്റവും കൂടുതൽ പേർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒഡീഷയിലാണ്. 624 പേർ. കോവിഡ് മഹാമാരി വ്യാപിച്ച 2020-21 കാലഘട്ടത്തിൽ രാജ്യത്തു ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും കോവിഡിനുശേഷം വളരെയധികം വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 മുതൽ 2024 ജൂലൈ വരെ വന്യജീവികളുടെ ആക്രമണത്തിൽ കേരളത്തിൽ 486 പേർ കൊല്ലപ്പെട്ടു. ഇതിൽ ആറു പേർ കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും കേന്ദ്രം നൽകിയ കണക്കുകളിൽ പറയുന്നു.