മഹാകുംഭമേള: മരണനിരക്ക് സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന് അഖിലേഷ്
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തത്തിൽ സംസ്ഥാന സർക്കാർ യഥാർഥ മരണനിരക്ക് മറച്ചു വയ്ക്കുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ്.
കുംഭമേളയിലെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ അഖിലേഷ് ആവശ്യപ്പെട്ടു.
സർക്കാർ കുംഭമേള ഡിജിറ്റലാക്കിയെന്ന് അവകാശപ്പെടുന്പോഴും മരിച്ചവരുടെ ഡിജിറ്റ് (സംഖ്യ) പുറത്തുവിടുന്നില്ല. വിഷയം ചർച്ച ചെയ്യുന്നതിനായി കേന്ദ്രം സർവകക്ഷിയോഗം വിളിക്കണം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പാർലമെന്റിൽ നൽകണമെന്നും യുപി മുൻ മുഖ്യമന്ത്രികൂടിയായ അഖിലേഷ് ആവശ്യപ്പെട്ടു.
ജനങ്ങൾ അനുഗ്രഹത്തിനായി മേളയിലെത്തി. പക്ഷേ പ്രിയപ്പെട്ടവരുടെ ശരീരവുമായി തിരികെ പോകേണ്ടിവന്നു. യഥാർഥ അത്ഭുതം എന്താണെന്നാൽ സർക്കാർ മൃതദേഹങ്ങൾ കണ്ടെത്തി. പക്ഷേ യഥാർഥ കണക്കുകൾ പുറത്തുവിടുന്നില്ല.
മൃതദേഹങ്ങൾ ജെസിബി കൊണ്ടും ട്രാക്ടറുകൾകൊണ്ടുമാണ് സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തത്. മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ കിടക്കുന്പോൾ സർക്കാർ ഹെലികോപ്റ്ററിലൂടെ പുഷ്പവൃഷ്ടി നടത്തി. എന്തുതരം സനാതന ആചാരങ്ങളാണ് ഇതെല്ലാം. യുപി മുഖ്യമന്ത്രി സംഭവത്തെ അപലപിക്കുന്നതിൽനിന്ന് വിട്ടുനിന്നുവെന്നും അഖിലേഷ് ആരോപിച്ചു.