ഡൽഹി തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് നാളെ
Tuesday, February 4, 2025 2:28 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ വിധിയെഴുതാൻ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാനദിനമായ ഇന്നലെ ബിജെപി ഡൽഹിയിലുടനീളം റാലികളും റോഡ്ഷോകളുമായി സജീവമായി.
അവസാനദിനത്തിലും പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കളത്തിലിറങ്ങിയതോടെ അധികാരം പിടിച്ചെടുക്കാനുള്ള നിശ്ചയദാർഢ്യത്തിൽ തന്നെയാണു ബിജെപി.
ചരിത്രപരമായ വിജയത്തിലൂടെ എഎപി തിരിച്ചെത്തുമെന്ന് പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന്റെ അവസാനദിവസം ബിജെപിക്കെതിരേയുള്ള ആരോപണങ്ങൾക്കുപുറമെ തെരഞ്ഞെടുപ്പു കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും എഎപി രംഗത്തെത്തി . 15 വർഷത്തിനുശേഷം അധികാരത്തിൽ തിരിച്ചുവരാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസും പ്രചാരണത്തിൽ കളം നിറഞ്ഞു.
തന്റെ മണ്ഡലമായ ന്യൂഡൽഹിയിൽ സ്വതന്ത്ര നിരീക്ഷകരെ നിയമിക്കണമെന്നാവശ്യപ്പെട്ടും, തെരഞ്ഞെടുപ്പു കമ്മീഷൻ ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപിച്ചുമാണ് പ്രചാരണത്തിന്റെ അവസാനദിനം കേജരിവാൾ കളം നിറഞ്ഞത്. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരുകളുള്ള സംസ്ഥാനങ്ങളെല്ലാം വികസിച്ചുവെന്നായിരുന്നു അമിത് ഷാ പ്രചാരണത്തിൽ പറഞ്ഞത്. കോണ്‍ഗ്രസിനെ വസന്തകാലത്തേക്ക് തിരിച്ചെത്തിക്കാൻ പ്രിയങ്ക ഗാന്ധിയാണ് അവസാനദിനം പാർട്ടിയുടെ പ്രചാരണത്തെ മുന്നിൽ നിന്നു നയിച്ചത്.
രാജ്യതലസ്ഥാനത്തെ സമാധാനപരമായ തെരഞ്ഞെടുപ്പിനുവേണ്ടി 42000 പോലീസുകാരെയും 660 ഫ്ലൈയിംഗ് സ്ക്വാഡുകളെയുമാണ് കേന്ദ്രം നിയോഗിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി 220ലധികം കന്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പു സമയത്ത് എക്സിറ്റ് പോളുകൾ പുറത്തുവിടുന്നത് നിരോധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കനുസരിച്ച് 1.56 കോടി വോട്ടർമാരാണുള്ളത്.