വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം: വി. ശിവദാസൻ
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: രാജ്യത്തു വന്യജീവി ആക്രമണം വർധിക്കുന്നുവെന്നും അതിനാൽ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും വി. ശിവദാസൻ എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം വയനാട്ടിൽ ആദിവാസി സ്ത്രീ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടതുൾപ്പെടെ എടുത്തുപറഞ്ഞായിരുന്നു ശിവദാസന്റെ ആവശ്യം. 2022ൽ മഹാരാഷ്ട്രയിൽ 82 പേർ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഒഡീഷയിൽ 154 പേർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ശിവദാസൻ പറഞ്ഞു. വന്യജീവി ആക്രമണം പതിവാകുന്പോൾ നമീബിയയിൽനിന്നു കോടികൾ മുടക്കി സർക്കാർ ചീറ്റകളെ രാജ്യത്തെത്തിക്കുന്നതിനെ ശിവദാസൻ വിമർശിച്ചു.
കർഷകരുടെയടക്കം ജീവൻ സംരക്ഷിക്കാൻ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ശിവദാസൻ ആവശ്യപ്പെട്ടു.