രാഷ്ട്രീയനയത്തിൽ മാറ്റം വരുത്താതെ സിപിഎം
Tuesday, February 4, 2025 2:28 AM IST
ന്യൂഡൽഹി: കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയത്തിൽ മാറ്റം വരുത്താതെ സിപിഎം. കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ പാർട്ടികളുമായി സഹകരണം തുടരുമെന്ന് 24ാം പാർട്ടി കോണ്‍ഗ്രസിലേക്ക് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കി. തമിഴ്നാട്ടിലെ മധുരയിൽ ഈ വർഷം ഏപ്രിൽ രണ്ടു മുതൽ ആറു വരെയാണ് പാർട്ടി കോണ്‍ഗ്രസ് നടക്കുന്നത്.
രാഷ്ട്രീയ നയം മാറിയില്ലെങ്കിലും ഊന്നൽ മാറിയിട്ടുണ്ടെന്ന് കരട് രേഖ വിശദീകരിച്ച് പോളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് വ്യക്തമാക്കി. പാർട്ടിയുടെ സ്വതന്ത്ര ശക്തി വീണ്ടെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായെങ്കിലും അവർ ഉയർത്തുന്ന ഭീഷണി അവസാനിച്ചിട്ടില്ല. അതിനാൽ ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കേണ്ടതുണ്ടെന്നും ഇന്നലെ പാർട്ടി ആസ്ഥാനത്ത് പുറത്തിറക്കിയ കരട് പ്രമേയത്തിൽ പറയുന്നു.
കേരളത്തിൽ വിവിധ സമുദായങ്ങളിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം തടയാൻ പാർട്ടി പരാജയപ്പെട്ടു എന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്ന് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസിന്റെ സാന്പത്തികനയം മാറിയിട്ടില്ല.
എങ്കിലും കോണ്‍ഗ്രസിനോടുള്ള സിപിഎം സമീപനത്തിന് അടിസ്ഥാനമാകുന്നത് മതേതരശക്തികളുടെ വിശാല ഐക്യമാണെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല. നീക്കുപോക്കുകൾ മാത്രമായിരിക്കും ഉണ്ടാകുക.
നേതാക്കൾക്കുള്ള പ്രായപരിധി തുടരും. പാർട്ടിയുടെ ഏക മുഖ്യമന്ത്രി എന്നനിലയിൽ പിബിയിൽ പിണറായി വിജയനു മാത്രമാണ് ഇളവ് നൽകിയതെന്നും പ്രകാശ് കാരാട്ട് അറിയിച്ചു. മാർച്ച് അഞ്ചിനു മുന്‍പായി സംസ്ഥാനങ്ങളിൽനിന്നും പാർട്ടി പ്രവർത്തകരിൽനിന്നും ഉൾപ്പെടെ ലഭിക്കുന്ന ഭേദഗതികളടക്കം പരിശോധിച്ച് ആവശ്യമായ തിരുത്തലുകളോടെ പാർട്ടി കോണ്‍ഗ്രസിൽ പ്രമേയം അവതരിപ്പിക്കും.