രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
Tuesday, February 4, 2025 3:18 AM IST
ന്യൂഡൽഹി: ഉത്പാദനത്തിൽ പിന്നാക്കം പോയതാണ് ഇന്ത്യ നേരിടുന്ന പ്രശ്നമെന്നും യുവാക്കളിലും സാങ്കേതിക വിപ്ലവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഒരു രാജ്യമെന്ന നിലയിൽ ഉത്പാദനം സംഘടിപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടുവെന്ന് രാഹുൽ പറഞ്ഞു. ഉത്പാദനം ചൈനക്കാർക്കു കൈമാറി. മൊബൈൽ ഫോണുകൾ പോലും ചൈനക്കാരുടേതാണ്. നല്ല ആശയമായ മേക്ക് ഇൻ ഇന്ത്യയും പരാജയപ്പെട്ടു. കൃഷിയും ഉത്പാദനമാണ്. പക്ഷേ, പ്രതിമകളും മറ്റുമാണു രാജ്യം കണ്ടത്.
2014ലെ ജിഡിപിയുടെ 15.3ൽനിന്ന് 12.6 ശതമാനമായി ഉത്പാദനം കുറഞ്ഞു. 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉത്പാദനവിഹിതമാണിത്. എന്നാൽ, രാജ്യത്ത് ഉപഭോഗം കൂടുന്നുണ്ട്. റിലയൻസ്, അദാനി എന്നിവർ മുതൽ യൂബർ വരെയുള്ളവരെല്ലാം ഉപഭോഗം കൂട്ടുന്നുണ്ട്. മഹീന്ദ്ര, ബജാജ്, ഒരു പരിധി വരെ ടാറ്റ തുടങ്ങിയ കന്പനികൾ ഉത്പാദനത്തിൽ സഹായിച്ചു. ഉത്പാപാദനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം.
= ചെറുപ്പക്കാരാണു ഭാവി തീരുമാനിക്കുന്നത്. പക്ഷേ തൊഴിലില്ലായ്മയാണു വലിയ പ്രശ്നം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ യുപിഎയും എൻഡിഎയും വിജയിച്ചില്ല. ഭാവി സാങ്കേതികവിദ്യകളിലേക്ക് ചെറുപ്പക്കാരെ വിദഗ്ധർ നയിക്കണം. നമ്മുടെ ചെറുപ്പക്കാർ പുതിയ വിപ്ലവം നയിക്കണം. അവരിൽ വിശ്വാസം അർപ്പിക്കണം. സർക്കാർ യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
=കംപ്യൂട്ടർ വിപ്ലവത്തിനുശേഷം സാങ്കേതികവിദ്യകളുടെ വിപ്ലവമാണു ലോകം ഇപ്പോൾ കാണുന്നത്. കംപ്യൂട്ടറിനു വലിയ കാര്യമില്ലെന്നാണ് ആരാധ്യനായ മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ് അന്നു പറഞ്ഞത്. എന്നാൽ, പുതിയ സാങ്കേതികവിദ്യാ വിപ്ലവത്തിൽ ഇന്ത്യ പിന്നാക്കം പോകരുത്. ഇലക്ട്രിക് മോട്ടോറുകൾ, ബാറ്ററികൾ, ഒപ്റ്റിക്സ്, നിർമിതബുദ്ധിയുടെ (എഐ) പ്രയോഗം തുടങ്ങിയ സാങ്കേതികവിദ്യകളാണു വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നത്. യുദ്ധം മുതൽ ആരോഗ്യപരിചരണം വരെയെല്ലാം മാറി. യുക്രെയ്ൻ യുദ്ധത്തിൽ വലിയ ടാങ്കുകൾ പോലും ഇരുവശത്തും തകർക്കുന്നത് ഡ്രോണുകളാണ്. ഡേറ്റയില്ലെങ്കിൽ നിർമിതബുദ്ധി അർഥശൂന്യമാണ്. കാരണം അതു ഡാറ്റയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ ആഗോള ഉത്പാദന സംവിധാനത്തിലെ ഓരോ ഡാറ്റയും ചൈനയുടെ ഉടമസ്ഥതയിലാണ്. ചൈന പത്തു വർഷം മുന്നിലാണ്. മൊബൈൽ ഫോണുകളും ഇലക്ട്രിക് കാറുകളുമടക്കം എല്ലാ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന ഡാറ്റ ചൈനയുടെ ഉടമസ്ഥതയിലുള്ളതാണ്.
= ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയായ അമേരിക്കയുടെ സഹായത്തോടെ പുതിയ സാങ്കേതിക വിപ്ലവത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു ചർച്ച ചെയ്യണം. ഇന്ത്യയുടെ സഹായമില്ലാതെ അമേരിക്കയ്ക്കു ചൈനയുടെ വെല്ലുവിളി നേരിടാനാകില്ല. വലിയ ഉത്പാദനച്ചെലവു മൂലം അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹായം തേടേണ്ടിവരും. ഇന്ത്യൻ യുവാക്കൾക്കു കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനാകും.
= ചൈനീസ് സൈന്യം നമ്മുടെ രാജ്യത്തിനകത്തുണ്ടെന്നത് പ്രധാനമന്ത്രി നിഷേധിച്ചിരുന്നു. എന്നാൽ ചൈനക്കാർ ഇന്ത്യൻ പ്രദേശത്തിനകത്തുണ്ടെന്ന് കരസേനാ മേധാവി പറഞ്ഞു. ഇന്ത്യയിലെ 4,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു ചൈന ഇരിക്കുന്നുവെന്ന് സൈന്യം പറഞ്ഞു. ഇതൊരു വസ്തുതയാണ്. ചൈനീസ് സൈന്യവുമായി നമ്മുടെ സൈന്യം ചർച്ചകൾ തുടരുകയാണ്.
= ചൈനയിൽ നിർമിക്കുന്ന ഉത്പന്നങ്ങളെ ഇന്ത്യ ആശ്രയിക്കുന്നത് രാജ്യസുരക്ഷയ്ക്കു വലിയ ഭീഷണിയാണ്. മേക്ക് ഇൻ ഇന്ത്യ പരാജയപ്പെട്ടതു മൂലമാണ് നമ്മുടെ രാജ്യത്തിനുള്ളിൽ ചൈന കടന്നുകയറിയത്. ഒരിക്കൽക്കൂടി സാങ്കേതികവിപ്ലവത്തിൽ ചൈനക്കാർക്കു വിട്ടുകൊടുക്കുമോയെന്ന് ആശങ്കപ്പെടുന്നു.
= ജാതി സെൻസസ് നടത്തിയാലേ രാജ്യത്തെ 90 ശതമാനം ജനത അനുഭവിക്കുന്ന അധികാരവും സ്വത്തും അടക്കമുള്ള അവഗണനയും അസന്തുലിതാവസ്ഥയും പരിഹരിക്കാനാകൂ. തെലുങ്കാനയിൽ ജാതി സെൻസസ് നടത്തി. ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളാണു 90 ശതമാനം പേരും. രാജ്യത്താകെ ജാതി സെൻസസ് വേണമെന്നതിൽ തനിക്കു ബോധ്യമുണ്ട്. രാജ്യത്ത് 55 ശതമാനം പിന്നാക്കക്കാരാണ്. 16 ശതമാനം വീതം ദളിതരും ന്യൂനപക്ഷങ്ങളുമുണ്ട്. ഒന്പതു ശതമാനം ദളിതരാണ്. ഇന്ത്യയിൽ ഒരൊറ്റ കോർപറേറ്റ് കന്പനിയോ മാധ്യമങ്ങളോ പിന്നാക്ക, ദളിത്, ആദിവാസികളുടേതില്ല. ബിജെപിയിലെ 50 ശതമാനം വരുന്ന ഈ വിഭാഗം എംപിമാർക്കു വാ തുറക്കാൻ പോലും അധികാരവുമില്ല.
= ഭരണഘടനയ്ക്കു മുന്നിൽ പ്രധാനമന്ത്രി കുന്പിടുന്നത് കോണ്ഗ്രസിന് അഭിമാനത്തിന്റെ നിമിഷമാണ്. ഭരണഘടനയെ ആർഎസ്എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് അറിയാം. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും രാമക്ഷേത്ര പ്രതിഷ്ഠയിലാണു സ്വാതന്ത്ര്യം കിട്ടിയതെന്നുമാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. പക്ഷേ ഒരു ശക്തിക്കും ഭരണഘടനയെ ഇല്ലാതാക്കാനാകില്ല. ഈ ഭരണഘടന രാജ്യം ഭരിക്കുമെന്ന് ഭരണഘടനാ പുസ്തകം ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. രാജ്യത്തെ ജനം ഭരണഘടനയെ പിന്തുണയ്ക്കുന്നു.
= രാജ്യത്തു സാമൂഹികസംഘർഷം കൂടിവരികയാണ്. ജയിലിൽ കഴിയുന്നവരുടെ എണ്ണവും പോലീസ് അടക്കമുള്ള സുരക്ഷാസേനയുടെ എണ്ണവും വളരെ കൂടി. യുവാക്കൾക്കു തൊഴിൽ നൽകുകയാണ് ഇതിനു പരിഹാരം.