മഹാരാഷ്ട്രയിൽ ജനവിധി അട്ടിമറിച്ചെന്ന് രാഹുൽ
Tuesday, February 4, 2025 2:28 AM IST
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ലക്ഷം പുതിയ വോട്ടർമാരെ ചേർത്ത് അട്ടിമറി നടത്തിയതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഹിമാചൽ പ്രദേശിലെ മൊത്തം വോട്ടർമാരുടെ എണ്ണത്തിനു സമാനമായ വോട്ടർമാരെയാണു മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിൽ ചേർത്തതെന്നും ക്രമക്കേടില്ലെങ്കിൽ വോട്ടർ പട്ടികയുടെ വിശദാംശങ്ങൾ പ്രതിപക്ഷ പാർട്ടികൾക്കു കൈമാറണമെന്നും ലോക്സഭയിൽ രാഹുൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ഇല്ലാതാക്കാനാണു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സമിതിയിൽനിന്ന് ഒഴിവാക്കിയതെന്ന് രാഹുൽ ആരോപിച്ചു.
ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പുകൾക്കിടയിൽ മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ ഹിമാചൽ പ്രദേശിലെ ജനസംഖ്യയ്ക്കു തുല്യമായ 70 ലക്ഷം വോട്ടർമാരെയാണ് പുതുതായി ചേർത്തത്- ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി മോദിയെ മുന്നിലിരുത്തി രാഹുൽ ആരോപിച്ചു.
പാർലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തിലും രാഹുൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. വോട്ട് സുരക്ഷിതമല്ലെങ്കിൽ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അർഥമില്ലെന്ന് രാഹുൽ ഓർമിപ്പിച്ചു.
വെറും അഞ്ചു മാസത്തെ വ്യത്യാസത്തിനിടെ മഹാരാഷ്ട്രയിലെ ഒരു കെട്ടിടത്തിൽ മാത്രം 7,000 പുതിയ വോട്ടർമാരെ ചേർത്തതായി കണ്ടു. കഴിഞ്ഞ അഞ്ചു വർഷത്തിൽ ചേർത്ത പുതിയ വോട്ടർമാരേക്കാൾ കൂടുതൽ പേരെയാണ് അഞ്ചു മാസത്തിൽ ചേർത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പ്രശ്നമുണ്ട്. ആരാണ് ഈ പുതിയ വോട്ടർമാർ. ബിജെപി ജയിച്ച മണ്ഡലങ്ങളിലാണു പുതിയ വോട്ടർമാരിൽ അധികവും. അതിനാൽ രണ്ടു തെരഞ്ഞെടുപ്പുകളിലെയും വോട്ടർമാരുടെ വിലാസവും പോളിംഗ് ബൂത്തുകളും അടക്കമുള്ള വോട്ടർ പട്ടിക കോണ്ഗ്രസും ശിവസേനയും എൻസിപിയും അടക്കമുള്ള പാർട്ടികൾക്കു നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.