രാജീവ് ചന്ദ്രശേഖറുടെ പരാതിയിൽ തരൂരിന് സമൻസ്
Tuesday, February 4, 2025 2:28 AM IST
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോണ്ഗ്രസ് എംപി ശശി തരൂരിന് കോടതിയുടെ സമൻസ്. ഏപ്രിൽ 28 ന് മുന്പായി പ്രതികരണം അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി പുരുഷൈന്ദ്രകുമാർ കൗരവ് തരൂരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തരൂർ തനിക്കെതിരേ നടത്തിയ പ്രസ്താവനകൾ തന്റെ സൽപ്പേരിനു കളങ്കം വരുത്തിയെന്നും അപകീർത്തിപരമായ പരാമർശം നടത്തിയതിനാൽ പത്തു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ചന്ദ്രശേഖർ കോടതിയെ സമീപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവന്തപുരത്തുനിന്നു വിജയിക്കാൻ ചന്ദ്രശേഖർ സ്വാധീനമുള്ള ആളുകൾക്ക് കൈക്കൂലി നൽകിയിട്ടുണ്ടെന്നാണ് തരൂർ പറഞ്ഞത്.