ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിന് എക്കാലത്തെക്കാളും പ്രാധാന്യം: ജയ്ശങ്കർ
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: ആഗോള അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തിന് നിലവിൽ എക്കാലത്തെക്കാളും പ്രാധാന്യമുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി യൂറോപ്പ് നയതന്ത്രപരമായി ശക്തി പ്രാപിക്കുന്നതിനെക്കുറിച്ച് ഇന്ത്യക്കു ബോധ്യമുണ്ട്. സാന്പത്തിക അനിശ്ചിതത്വത്തിനു സ്ഥിരത നൽകാൻ ഇരുവിഭാഗങ്ങളുടെയും ബന്ധത്തിന് കഴിയുമെന്നും ജയ്ശങ്കർ വ്യക്തമാക്കി.
പ്രതിരോധ, സാങ്കേതിക മേഖലകളിലെ സഹകരണം ഇന്ത്യ-യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ വർഷങ്ങളിൽ മികച്ച ബന്ധം കാത്തുസൂക്ഷിക്കാനായി. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിൽ ഉടൻ തന്നെ സമന്വയത്തിലെത്തുമെന്നും ജയ്ശങ്കർ സൂചിപ്പിച്ചു.