തമിഴ്നാട് ഗവർണർക്കെതിരേ സുപ്രീംകോടതി
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ ആർ.എൻ. രവി അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിനെതിരേ സുപ്രീംകോടതി.
ഇത്തരത്തിൽ ബില്ലുകൾക്ക് കാലതാമസം വരുത്തിയാൽ സംസ്ഥാനസർക്കാരും ജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബില്ല് പാസാക്കാൻ ഗവർണർ കാലതാമസം വരുത്തിയതിനെതിരേ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഗവർണറെ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതടക്കം 2020 നും 2023 നും ഇടയിൽ നിയമസഭ പാസാക്കിയ ബില്ലുകൾക്കാണ് ഗവർണർ അനുമതി നൽകാൻ കാലതാമസം വരുത്തുന്നത്.
ഇത്തരത്തിൽ സംസ്ഥാന നിയമസഭ ബിൽ പാസാക്കിയാൽ ഗവർണർക്ക് അതു പുനഃപരിശോധിക്കാൻ ആവശ്യപ്പെടാമെന്നും പുനഃപരിശോധനയ്ക്കുശേഷം അതേ ബിൽ വീണ്ടും സ്ഥിരീകരിക്കുകയാണെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 200 ഉദ്ധരിച്ച് ഗവർണർക്ക് അനുമതി നൽകുകയല്ലാതെ മറ്റു മാർഗമില്ലെന്നും തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തക്കി വാദിച്ചു.
എന്നാൽ ബില്ലുകളൊന്നും കെട്ടിക്കിടക്കുന്നില്ല എന്നായിരുന്നു ഗവർണർക്കുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ വാദം. ഗവർണറുടെ അനുമതി ആവശ്യമുള്ള എല്ലാ ബില്ലുകളും ഇതിനകംതന്നെ പരിഗണിച്ചിട്ടുണ്ടെന്നും നിലവിൽ അംഗീകാരത്തിനായി ഒരു ബില്ലും കെട്ടിക്കിടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നാളെ വീണ്ടും വാദം തുടരും.