""അത്രവലിയ ദുരന്തമൊന്നുമല്ല’’; കുംഭമേളയിൽ 30 പേര് മരിച്ചതിനെക്കുറിച്ച് ഹേമമാലിനി
Wednesday, February 5, 2025 4:01 AM IST
ന്യൂഡല്‍ഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും 30 പേര്‍ക്കു ജീവന് നഷ്ടമായ സംഭവത്തെ നിസാരവത്കരിച്ച് ബിജെപി എംപിയും മുന്‍ ചലച്ചിത്രതാരവുമായ ഹേമമാലിനി.
അത്രവലിയ സംഭവമൊന്നുമായിരുന്നില്ല അതെന്നാണ് 30പേർ മരിക്കുകയും ഇരട്ടിയോളംപേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ഹേമമാലിനി പ്രതികരിച്ചത്. സംഭവം പര്വതീകരിച്ചതാണെന്നു വിശദീകരിച്ച ഹേമമാലിനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്താനും മടികാട്ടിയില്ല.
ദുരന്തത്തെക്കുറിച്ച് ലോക്സഭയില്‍ പരാമര്‍ശിക്കുകയും യോഗി സർക്കാരിനെ വിമർശിക്കുകയും ചെയ്ത എസ്പി നേതാവ് അഖിലേഷ് യാദവിനെതിരേ അവർ രൂക്ഷമായാണു പ്രതികരിച്ചത്. തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിന്റെ ജോലി-അവർ പറഞ്ഞു. കഴിഞ്ഞമാസം 29 നാണു മഹാകുംഭമേളയിൽ അപകടമുണ്ടായത്.