മണിപ്പുർ കലാപം: ബിരേൻ സിംഗിന്റെ ശബ്ദരേഖ പരിശോധിക്കാൻ സുപ്രീംകോടതി
Tuesday, February 4, 2025 3:18 AM IST
ന്യൂഡൽഹി: മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ പങ്ക് ആരോപിക്കുന്ന ഓഡിയോ റെക്കോർഡിംഗുകളുടെ ആധികാരികത പരിശോധിക്കുന്നതിന് സെൻട്രൽ ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി. മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കാനാണു കോടതി ആവശ്യപ്പെട്ടത്.
ഓഡിയോ ടേപ്പുകളിന്മേൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് സമർപ്പിച്ച റിട്ട് ഹർജിയിലാണു ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. നേരത്തേ മുഖ്യമന്ത്രിയുടെ ശബ്ദരേഖ പരിശോധിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു.
ഹർജിക്കാർക്കുവേണ്ടി ശബ്ദരേഖ പരിശോധിച്ചത് "ട്രൂത്ത് ലാബ്സ്’എന്ന ഫോറൻസിക് ലാബാണെന്നും ശബ്ദരേഖയുടെ 93 ശതമാനത്തിലധികവും ബീരേൻ സിംഗിന്റേതാണെന്ന് ലാബ് സാക്ഷ്യപ്പെടുത്തിയതായും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി.
കലാപത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള നീക്കങ്ങൾ നടത്തിയെന്നും ആയുധങ്ങൾ കൊള്ളയടിച്ചവരെ സംരക്ഷിച്ചതായും ബിരേൻ സിംഗ് സമ്മതിക്കുന്ന ശബ്ദരേഖകളാണിതെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. എന്നാൽ, ഹർജിക്കാർ ഹൈക്കോടതിയെയാണു സമീപിക്കേണ്ടതെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവർത്തിച്ചു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദരേഖ അപ്ലോഡ് ചെയ്ത ട്വിറ്റർ അക്കൗണ്ടുകളെയും പരിശോധനയ്ക്കായി അന്വേഷണ ഏജൻസി സമീപിച്ചിട്ടുണ്ട്. ടേപ്പുകൾ ഫോറൻസിക് പരിശോധനയ്ക്കു നൽകിയതായും അദ്ദേഹം കോടതിയെ അറിയിച്ചു.