കേന്ദ്ര ബജറ്റിൽ മിനിമം പിഎഫ് പെൻഷൻ വർധിപ്പിച്ചേക്കും
Monday, January 20, 2025 1:59 AM IST
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന പൊതുബജറ്റിനെ രാജ്യത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പരിധിയിൽ വരുന്ന പെൻഷൻകാരും തൊഴിലാളികളും ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്.
മിനിമം പെൻഷൻ തുക ഉയർത്തിയേക്കുമെന്നതാണ് പ്രതീക്ഷയ്ക്കു കാരണം. നിലവിലെ മിനിമം പെൻഷനായ 1000 രൂപ 7000 രൂപയാക്കണമെന്ന ആവശ്യവുമായി തൊഴിലാളിസംഘടനാ പ്രതിനിധികൾ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിഗണിക്കാമെന്ന മറുപടിയാണ് മന്ത്രിയിൽനിന്നുണ്ടായത്. മിനിമം പെൻഷൻ 5000 രൂപയാക്കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മിനിമം പെൻഷൻ തുക വർധിപ്പിക്കണമെന്ന് കഴിഞ്ഞ വർഷം തൊഴിൽ സംബന്ധിച്ച പാർലമെന്ററി സ്ഥിരം സമിതി ശിപാർശ ചെയ്തിരുന്നു. 11 വർഷം മുന്പാണ് കുറഞ്ഞ പെൻഷൻ 1000 രൂപയാക്കിയത്. ഇതിനുശേഷം ജീവിതച്ചെലവിൽ വലിയ വർധനയുണ്ടായി. നിലവിൽ ആകെയുള്ള 78.49 ലക്ഷം പിഎഫ് പെൻഷൻകാരിൽ 36.60 ലക്ഷം പേർ 1000 രൂപ മിനിമം പെൻഷൻ വാങ്ങുന്നവരാണ്.
മിനിമം പെൻഷൻ 3000 രൂപയാക്കാൻ കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നെങ്കിലും വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ വർധനാതീരുമാനം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
മിനിമം പെൻഷൻ ഉയർത്തുന്നതു പഠിക്കാൻ ഇപിഎഫ് ട്രസ്റ്റി ബോർഡ് നിയോഗിച്ച ഉപസമിതി രണ്ടു തവണ യോഗം ചേർന്നെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. റിപ്പോർട്ട് ഇല്ലെങ്കിലും തുക ഉയർത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനോ ഇപിഎഫ്ഒയ്ക്കോ തീരുമാനമെടുക്കാം.
പിഎഫ് പെൻഷൻ പദ്ധതിയിൽ ചേരാനുള്ള മാസശമ്പളപരിധി 15,000 രൂപയിൽനിന്ന് 25,000 ആക്കാനുള്ള ഇപിഎഫ് ട്രസ്റ്റി ബോർഡിന്റെ നിർദേശം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിലും ബജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും. 2015ലാണ് ശമ്പളപരിധി 6500 രൂപയിൽനിന്ന് 15,000 ആക്കിയത്. 30,000 രൂപ വരെ മാസശമ്പളമുള്ളവരെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. നിലവിൽ ഇത് 21,000 രൂപയാണ്.