കർഷകരുമായി ചർച്ചയ്ക്ക് തയാറെന്ന് സർക്കാർ
Monday, January 20, 2025 1:47 AM IST
ന്യൂഡൽഹി: കർഷകരുമായി ചർച്ചയ്ക്കു തയാറെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ തയാറായി.
എന്നാൽ നിരാഹാരസമരം തുടരും. ഫെബ്രുവരി 14നാണ് ചർച്ച. വിളകളുടെ താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ ദിവസം ചർച്ച നടത്താമെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പ്രിയരഞ്ജന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ശനിയാഴ്ച വൈകുന്നേരം സമരപ്പന്തലിൽ എത്തി കർഷകനേതാക്കളെ നേരിട്ടറിയിച്ചു.
ചണ്ഡിഗഡിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ അടുത്ത മാസം 14ന് വൈകുന്നേരം അഞ്ചിനാണ് കേന്ദ്ര സർക്കാർ പ്രതിനിധികൾ ദല്ലേവാളുമായും അദ്ദേഹത്തോടൊപ്പമുള്ള കർഷക നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നത്. ഈ ചർച്ചയ്ക്കു ശേഷം കേന്ദ്ര മന്ത്രിമാരുമായും പഞ്ചാബിലെ കാബിനറ്റ് മന്ത്രിമാരുമായും കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ജോയിന്റ് സെക്രട്ടറി പ്രിയരഞ്ജൻ വ്യക്തമാക്കി.
ചികിത്സാസഹായം സ്വീകരിക്കുന്നതിനുമുന്പ് തനിക്കു പിന്തുണയുമായി അനിശ്ചിതകാല ഉപവാസസമരം നടത്തുന്ന 121 കർഷകരുടെ സമ്മതം അദ്ദേഹം തേടിയിരുന്നു. നവംബർ 26 ന് ആരംഭിച്ച നിരാഹാരസമരം 54 ദിവസം പിന്നിട്ടു. കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതെ വൈദ്യസഹായം സ്വീകരിക്കില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം.