രാഹുൽ ഗാന്ധിക്കെതിരേ കേസ്
സ്വന്തം ലേഖകൻ
Monday, January 20, 2025 1:47 AM IST
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ കേസെടുത്ത് ഗോഹട്ടി പോലീസ്. കഴിഞ്ഞ 15ന് ഡൽഹിയിൽ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണു കേസ്.
രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും ബിജെപിയും ആർഎസ്എസും പിടിച്ചെടുത്തുവെന്നും പ്രതിപക്ഷം ഇപ്പോൾ പോരാടുന്നത് ബിജെപിക്കും ആർഎസ്എസിനും എതിരേ മാത്രമല്ല ഇന്ത്യൻ ഭരണകൂടത്തോടും കൂടിയാണെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിലെ ഇന്ത്യൻ ഭരണകൂടത്തിനെതിരേയാണെന്നുള്ള പരാമർശത്തിലാണു കേസെടുത്തിരിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അഭിപ്രായസ്വാതന്ത്രത്തിന്റെ അതിരു ലംഘിച്ചെന്നും പൊതുസംവിധാനത്തിനും ദേശീയ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തിയതായും ഗോഹട്ടി പാൻ ബസാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ മൊൻജിത് ചേതിയ എന്ന ബിജെപി പ്രവർത്തകൻ ആരോപിച്ചു. ഭാരതീയ ന്യായ സംഹിതയുടെ 152,197 (1)ഡി വകുപ്പുകൾ പ്രകാരം ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് രാഹുലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ വിവാദ പരാമർശത്തിന് മറുപടി നൽകവെയായിരുന്നു രാഹുലിന്റെ പ്രസ്താവന.