ധനഞ്ജയ് മുണ്ടെയ്ക്ക് ഗാർഡിയൻ മന്ത്രിപദവി ഇല്ല
Monday, January 20, 2025 1:59 AM IST
മുബൈ: മഹാരാഷ്ട്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും എൻസിപി(അജിത്) നേതാവുമായ ധനഞ്ജയ് മുണ്ടെയ്ക്ക് ഗാർഡിയൻ മന്ത്രിപദവി നല്കിയില്ല. ഒന്നോ ഒന്നിലധികമോ ജില്ലകളുടെ ചുമതല നല്കുന്നതിനാണ് ഗാർഡിയൻ മന്ത്രിയെന്നു വിളിക്കുന്നത്. സംസ്ഥാനത്ത് 36 ജില്ലകളാണുള്ളത്.
മുൻ സർക്കാരിൽ ബീഡ് ജില്ലയുടെ ഗാർഡിയൻ മന്ത്രിയായിരുന്നു മുണ്ടെ. സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിൽ മുണ്ടെയുടെ ഉറ്റ കൂട്ടാളി വാൽമീക് കരാഡിന്റെ പങ്ക് വ്യക്തമായതോടെ പ്രതിപക്ഷവും ബിജെപി എംഎൽഎമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേസിൽ കരാഡ് അറസ്റ്റിലായിരുന്നു.
എൻസിപി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനാണ് ബീഡ് ജില്ലയുടെ ചുമതല ലഭിച്ചിരിക്കുന്നത്. മാവോയിസ്റ്റ് ബാധിതമായ ഗഡ്ചിരോളി ജില്ലയുടെ ഗാർഡിയൻ മന്ത്രിയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ സിറ്റി, താനെ ജില്ലകളുടെ ഗാർഡിയൻ മന്ത്രിയാണ് മറ്റൊരു ഉപമുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെ.
മുണ്ടെയെക്കൂടാതെ കാബിനറ്റ് മന്ത്രിമാരായ ദാദാജി ഭുസെ, ദത്താ ഭാർനെ, ഭരത് ഗോഗാവാലെ സഹമന്ത്രിമാരായ ഇന്ദ്രനീൽ നായിക്, യോഗേഷ് കദം എന്നിവർക്കും ഗാർഡിയൻ മന്ത്രിപദവി ലഭിച്ചില്ല. റായ്ഗഡ് ജില്ലയുടെ ചുമതല മോഹിച്ചിരുന്നയാളാണ് ശിവസേന(ഷിൻഡെ) നേതാവായ ഗോഗാവാല. എന്നാൽ എൻസിപിയിലെ അദിതി താത്കറെയ്ക്കാണ് പദവി ലഭിച്ചത്. ധനഞ്ജയ് മുണ്ടെയുടെ അടുത്ത ബന്ധുവായ പങ്കജ മുണ്ടെയ്ക്ക് ജൽന ജില്ലയുടെ ചുമതല ലഭിച്ചു.