സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത് ബംഗ്ലാദേശ് പൗരൻ
Monday, January 20, 2025 1:47 AM IST
മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ഒടുവിൽ വലയിലാക്കി മുംബൈ പോലീസ്. ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ (30) ആണ് അറസ്റ്റിലായത്. ബാന്ദ്ര മെട്രോപോളീറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ടു.
രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം തള്ളിക്കളയാനാവില്ലെന്നു നിരീക്ഷിച്ചാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിർമാണ സ്ഥലത്തിനു സമീപത്തെ ലേബർ ക്യാംപിൽനിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത 311, 312, 331 (എ) 331 (6), 331 (7) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുഹമ്മദ് ഷരീഫുൾ ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നയാളാണെന്നു പോലീസ് പറയുന്നു. ആക്രമണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഫ്ളാറ്റിന്റെ എട്ടാം നിലവരെ പടികൾകയറിയാണ് ഇയാളെത്തിയത്.
പിന്നീട് പൈപ്പിലൂടെ 12ാം നിലയിലെത്തി. ഇവിടുത്തെ കുളിമുറിയുടെ ജനാലവഴി നടൻ താമസിക്കുന്ന ഫ്ളാറ്റിൽ കടന്നു. പുറത്തിറങ്ങിയതും ഇതുവഴി തന്നെയായിരുന്നു. ഫ്ളാറ്റിനുള്ളിൽ കടന്ന പ്രതി സെയ്ഫ് അലി ഖാന്റെ ഇളയ കുട്ടിയുടെ ആയ ഏലിയാമ്മ ഫിലിപ്പിനെയാണ് ആദ്യം പിടികൂടിയത്. ഇവരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഈ സമയം ബഹളംകേട്ട് സെയ്ഫ് അലി ഖാൻ ഇവിടേക്ക് എത്തുകയായിരുന്നു. പിന്നിൽനിന്നാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിയത്. പ്രതി പുറത്തുപോകാതിരിക്കാൻ നടൻ ഫ്ളാറ്റ് പൂട്ടിയെങ്കിലും ഇയാൾ അകത്തേക്കുകടന്നവഴിതന്നെ രക്ഷപ്പെട്ടു. പ്രതിയുടെ ബാഗിൽനിന്നു ചുറ്റിക, സ്ക്രൂഡ്രൈവർ, നൈലോൺ കയർ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
കൃത്യത്തിനു ശേഷം പ്രതി ബാന്ദ്രയിലെ ബസ് സ്റ്റോപ്പിൽ രാവിലെ ഏഴുവരെ കിടന്നുറങ്ങിയതായി പോലീസ് പറഞ്ഞു. പട്വർധൻ ഗാർഡനിനടുത്തുള്ള ബസ് സ്റ്റോപ്പിലാണ് ഇയാൾ വിശ്രമിച്ചത്. പിന്നീട് ട്രെയിനിൽ സെൻട്രൽ മുംബൈയിലെ വർളിയിലെത്തി. സംഭവം വാർത്തയായതോടെയാണു താൻ ബോളിവുഡ് നടനെയാണ് ആക്രമിച്ചതെന്നു പ്രതി മനസിലാക്കുന്നത്. തെക്കൻ ബംഗ്ലാദേശിലെ ബാരിസൽ ഡിവിഷനിലെ ജലകത്തി സ്വദേശിയാണ് ഷെഹ്സാദ്. കഴിഞ്ഞ അഞ്ചു മാസമായി മുംബൈയിൽ താമസിച്ചുവരികയാണ്.
ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഇയാൾ ബിജോയ് ദാസ് എന്നപേരിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ചെറിയ ജോലികൾ ചെയ്താണ് ഇയാൾ കഴിഞ്ഞിരുന്നതെന്നും പോലീസ് പറയുന്നു. എങ്ങനെയാണ് അനധികൃതമായി രാജ്യത്തേക്ക് കടന്നു കൈവശമുള്ള രേഖകൾ എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈ ബാന്ദ്രയിലെ സത്ഗുരു ശരൺ അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു നടന് കുത്തേറ്റത്. മുംബൈയിലെ ലീലാവതി ആശുപ്രതിയിൽ പ്രവേശിപ്പിച്ച താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്മാര് പറഞ്ഞു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.