ഫ്ലെക്സ് ബോർഡിലെ ഇരുന്പു കന്പി വീണ് കാൽനടയാത്രികൻ മരിച്ചു
Monday, January 20, 2025 1:47 AM IST
ജബൽപുർ (മധ്യപ്രദേശ്): ഫ്ളെക്സ് ബോർഡിലെ ഇരുന്പു കന്പി താഴേക്കു വീണ് കാൽനടയാത്രികനായ വയോധികൻ മരിച്ചു. ജബൽപുരിലെ അലഹബാദ് ബാങ്ക് ചൗക്കിലാണ് റോഡിൽ സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോർഡിൽനിന്ന് കന്പി താഴേക്കു വീണ് 64കാരനായ കിഷൻ കുമാർ (64) മരിച്ചത്.
അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഫ്ളെക്സ് ബോർഡിൽനിന്ന് കന്പി താഴേക്കു വീഴുകയായിരുന്നുവെന്നും നടന്നുപോയ കിഷൻ കുമാറിന്റെ കഴുത്തിൽ തുളച്ചുകയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കരാർ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.