ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; മോദിയില്ല , പകരം ജയശങ്കര്‍
Monday, January 13, 2025 2:59 AM IST
ജോര്‍ജ് കള്ളിവയലില്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകില്ല. ഈമാസം 20ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാകും ഇന്ത്യയെ പ്രതിനിധീകരിക്കുക.
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്ന ചടങ്ങ് അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യന്‍ സമയം രാത്രി 10.30) ആരംഭിക്കും. ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം പോകുന്നില്ല. പകരം ഉന്നതതലസംഘത്തെ ചൈന അയയ്ക്കും.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അര്‍ജന്റൈൻ പ്രസിഡന്റ് ഹാവിയര്‍ മിലേ, ഹംഗറി പ്രസിഡന്റ് വിക്ടര്‍ ഓര്ബന് തുടങ്ങിയവരെയും അമേരിക്ക ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ഷി ഒഴികെയുള്ള ഒട്ടേറെ ലോകനേതാക്കളും പ്രതിനിധികളും പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.
ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കുന്നതിനുപുറമെ, ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണം കിട്ടാനായാണു വിദേശകാര്യമന്ത്രി ജയശങ്കറെ കഴിഞ്ഞ ക്രിസ്മസ് കാലത്ത് അമേരിക്കയിലേക്ക് മോദി അയച്ചതെന്ന് ബിജെപി മുന്‍ എംപി സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു. “ക്ഷണം കിട്ടാനായി വെയിറ്ററെ മോദി യുഎസിലേക്ക് അയച്ചു. അല്ലെങ്കില്‍ അദ്ദേഹത്തിനു ജോലി നഷ്ടപ്പെടും’’ എന്നായിരുന്നു സ്വാമിയുടെ പരിഹാസം.
അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് പതിവിനു വിരുദ്ധമായി നിരവധി ലോകനേതാക്കളെ ക്ഷണിച്ചിട്ടും ട്രംപിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെട്ട മോദിക്കു ക്ഷണം ലഭിക്കാതെപോയത് ഇന്ത്യക്കു നാണക്കേടായി. രണ്ടാം തവണയും ട്രംപ് തെരഞ്ഞെടുക്കപ്പെട്ടയുടൻ ടെലിഫോണില്‍ വിളിച്ച് മോദി അഭിനന്ദിച്ചിരുന്നു.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് അമേരിക്കയിലെത്തിയ മോദിയുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല.