ട്രംപിന്റെ രണ്ടാം വരവിൽ ഇന്ത്യക്കു വെല്ലുവിളികളേറെ
Monday, January 13, 2025 2:59 AM IST
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഭരണത്തിനു കീഴില്‍, യുഎസ്-ഇന്ത്യ ബന്ധത്തില്‍ പുരോഗതികളും വെല്ലുവിളികളും ഉണ്ടായിരുന്നു. അടിസ്ഥാന വിനിമയ, സഹകരണം (ബിഇസിഎ) പോലുള്ള കരാറുകളിലൂടെ ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണം ശക്തമാക്കിയപ്പോള്‍, വ്യാപാര തര്‍ക്കങ്ങള്‍ ഇടയ്ക്കിടെ വെല്ലുവിളിയായി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്കും വിഘാതമാകുന്ന ട്രംപിന്റെ സാമ്പത്തികനയം പലപ്പോഴും പരീക്ഷണമായി.
ആണവ കരാറിലെ തടസങ്ങള്‍ നീക്കുന്നതടക്കം യുഎസ്- ഇന്ത്യ ബന്ധത്തിന്റെ അടുത്ത ഘട്ടത്തിന് ട്രംപിന്റെ രണ്ടാം വരവ് വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. ഉഭയകക്ഷി ബന്ധങ്ങള്‍ പുനഃക്രമീകരിക്കുന്നതിനും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള അവസരങ്ങളാകും ട്രംപിന്റെ മടങ്ങിവരവെന്ന പ്രതീക്ഷയ്ക്കിടെയാണു മോദിക്കു ക്ഷണം നല്കാതിരുന്നതെന്നതാണു ആശങ്ക.
അമേരിക്കയിലെ ഇന്ത്യയുടെ മുന്‍ അംബാസഡറും മുന്‍ വിദേശകാര്യ സെക്രട്ടറിയും മികച്ച നയതന്ത്രജ്ഞനുമെന്ന നിലയിലുള്ള ജയശങ്കറിന്റെ പശ്ചാത്തലം നേട്ടമാക്കാനുള്ള ശ്രമങ്ങള്‍ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു മോദിയെ ക്ഷണിക്കാന്‍ പര്യാപ്തമായില്ല.
പ്രാദേശിക സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങള്‍ അമേരിക്കന്‍ നേതാക്കളുമായി ജയശങ്കര്‍ ചര്‍ച്ച ചെയ്യും.
ഡിസംബര്‍ 24 മുതല്‍ 29 വരെ അമേരിക്ക സന്ദര്‍ശിച്ച ജയശങ്കര്‍ അന്ന് നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന് കഴിഞ്ഞ ആറിനു ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദി, വിദേശകാര്യമന്ത്രി ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു.