ആൾക്കൂട്ട ആക്രമണം: മണിപ്പുരിൽ സുരക്ഷാസേന ക്യാന്പ് ഉപേക്ഷിച്ചു
Monday, January 13, 2025 2:59 AM IST
ഇംഫാൽ: മണിപ്പുരിലെ കാംജോഗിൽ ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചതിനെത്തുടർന്ന് ആസാം റൈഫിൾസ് ഭടന്മാർ ക്യാന്പ് ഉപേക്ഷിച്ചു.
ശനിയാഴ്ചയാണ് കാംജോഗിലെ ഹോംഗ്ബെയിൽ ആസാം റൈഫിൾസിന്റെ ക്യാന്പിനു നേരേ ആക്രമണവും തീവയ്പും നടന്നത്. ഇന്നലെ ക്യാന്പ് ഉപേക്ഷിച്ചതായി സുരക്ഷാസേന സ്ഥിരീകരിക്കുകയായിരുന്നു.
അയൽഗ്രാമങ്ങളിൽനിന്ന് ഇംഫാല്‍-മ്യാന്മര് റോഡിലൂടെ തടി കൊണ്ടുവരുന്നത് സുരക്ഷാസേന തടഞ്ഞതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. തടി കൊണ്ടുവരുന്നത് വീടുനിർമാണത്തിനാണെന്ന് ജനങ്ങൾ പറയുന്നു. തടി എത്തിക്കുന്നതിന് അനുമതി വേണമെന്ന് സംഘർഷമേഖലയിലെത്തി എംഎല്‍എ ലെഷിയോ കെയ്ഷിംഗ് സുരക്ഷാസേനയോട് ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിച്ചില്ല. ഇതിനിടെ ക്യാന്പിലേക്ക് ആളുകൾ തള്ളിക്കയറിയതോടെ സുരക്ഷാസേന ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. കണ്ണീർവാതകവും പ്രയോഗിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കലാപം തുടരുന്ന മണിപ്പുരിൽ വിന്യസിച്ചിരിക്കുന്ന കേന്ദ്രസേനകളിൽ ഒന്നാണ് ആസാം റൈഫിൾസ്.