റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥിയായേക്കും
Monday, January 13, 2025 2:59 AM IST
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ പങ്കെടുത്തേക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മുഖ്യാതിഥി പ്രബോവോ തന്നെയാണെന്നാണു റിപ്പോർട്ട്.
ഇന്ത്യ സന്ദർശിച്ചശേഷം അദ്ദേഹം പാക്കിസ്ഥാൻ സന്ദർശിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യ ഇതിലെ ചില അസ്വാഭാവികതകൾ ചൂണ്ടിക്കാട്ടിയതോടെ ആ പദ്ധതി ഉപേക്ഷിച്ചതായി ചില പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻ ആർമി ജനറലായിരുന്ന സുബിയാന്തോ 2024 ഒക്ടോബറിലാണ് ഇന്തോനേഷ്യയുടെ പ്രസിഡന്റായി ചുമതലയേറ്റത്.
എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ലോകനേതാക്കളെ മുഖ്യാതിഥികളായി ക്ഷണിക്കാറുണ്ട്. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണായിരുന്നു മുഖ്യാതിഥി.