ബിജെപിയെ വെല്ലുവിളിച്ച് കേജരിവാൾ
Monday, January 13, 2025 2:59 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ആംആദ്മി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ. ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽനിന്നു താൻ പിന്മാറുമെന്ന് കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമെ ചേരിയിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസം നൽകണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഡൽഹിയിലെ ചേരികൾ ഒഴിപ്പിച്ച് പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുമെന്നും കേജരിവാൾ ആരോപിച്ചു. ചേരികളിൽ താമസിക്കുന്ന നാലു ലക്ഷത്തോളം വരുന്ന പേർക്കുവേണ്ടി കേന്ദ്രം ഭരിക്കുന്ന ബിജെപി 4700 ഫ്ലാറ്റുകൾ മാത്രമാണു നിർമിച്ചതെന്നും കേജരിവാൾ കുറ്റപ്പെടുത്തി.
എന്നാൽ അടിസ്ഥാനരഹിതമായ ആരോപണമാണു കേജരിവാൾ ഉന്നയിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കി. ‘പ്രധാനമന്ത്രി ആവാസ് യോജന’ പോലുള്ള കേന്ദ്രസർക്കാർ പദ്ധതികളും മറ്റു ചേരിപുനരധിവാസ പദ്ധതികളും രാഷ്ട്രീയനേട്ടങ്ങൾ മുന്നിൽക്കണ്ട് ആംആദ്മി സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
കേജരിവാളിന്റെ ഭരണപരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ തെറ്റിയ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ചേരികൾ നിയന്ത്രിക്കേണ്ടത് സംസ്ഥാനസർക്കാരാണെന്നും 2006 മുതൽ അതു പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.