ഡൽഹിയിൽ മൂന്നാം ഗാരന്റി അവതരിപ്പിച്ച് കോണ്‍ഗ്രസ്
Monday, January 13, 2025 2:59 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിൽ മൂന്നാമത്തെ ഗാരന്റി അവതരിപ്പിച്ച് കോണ്‍ഗ്രസ്.
അധികാരത്തിലെത്തിയാൽ വിദ്യാസന്പന്നരായ തൊഴിൽരഹിതരായ യുവാക്കൾക്കു പ്രതിമാസം 8,500 രൂപ നൽകുമെന്നാണു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഒരു കന്പനിയിലോ ഫാക്ടറിയിലോ സ്ഥാപനത്തിലോ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന യുവാക്കൾക്ക് സാന്പത്തികസഹായം നൽകും. അവർക്ക് ഈ കന്പനികൾ വഴി പണം ലഭ്യമാക്കും.
വീട്ടിലിരുന്ന് പണം ലഭ്യമാക്കുന്ന പദ്ധതിയല്ല ഇതെന്നു പദ്ധതി അവതരിപ്പിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
പരിശീലനം ലഭിച്ച മേഖലകളിൽ യുവാക്കളെ ഉൾപ്പെടുത്തി അവരുടെ കഴിവ് മെച്ചപ്പെടുത്താനുള്ള അവസരം കോണ്‍ഗ്രസ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
യുവാക്കൾക്കു ജോലി നൽകാത്തതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്തിയ സച്ചിൻ പൈലറ്റ്, വിദ്യാസന്പന്നരായ യുവാക്കൾ നിരാശരാണെന്നും ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് 2,500 രൂപ പ്രതിമാസ ധനസഹായം നൽകുന്ന "പ്യാരി ദീദി യോജന’, 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് കവറേജ് നൽകുന്ന "ജീവൻ രക്ഷാ യോജന’തുടങ്ങിയ വാഗ്ദാനങ്ങൾക്കു പിന്നാലെയാണ് മൂന്നാമത്തെ വാഗ്ദാനവുമായി കോണ്‍ഗ്രസ് ഡൽഹിയിൽ പ്രചാരണം ശക്തമാക്കിയത്.