പുതുചരിത്രമാകാൻ കോണ്‍ഗ്രസിന്റെ ആസ്ഥാനമന്ദിരം
Monday, January 13, 2025 2:59 AM IST
ന്യൂഡൽഹി: 140 വർഷത്തെ ചരിത്രം പേറുന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമന്ദിരം പാർട്ടിയുടെ പുതുചരിത്രമാകും. നാലരപ്പതിറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസിന്റെ വിലാസമായിരുന്ന 24, അക്ബർ റോഡിലെ ഓഫീസിൽനിന്ന് ഡൽഹിയിൽത്തന്നെ കോട്ല റോഡിൽ 9 എ വിലാസത്തിലെ ഇന്ദിരാഭവനിലേക്കുള്ള മാറ്റം വെറുമൊരു ഓഫീസ് മാറ്റം മാത്രമാകില്ല.
രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ എക്കാലത്തെയും കരുത്തയായ നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പുതിയ എഐസിസി ആസ്ഥാനമന്ദിരം 15ന് രാവിലെ പത്തിന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള എഐസിസി ഭാരവാഹികൾ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ, പ്രവർത്തകസമിതി അംഗങ്ങൾ, പിസിസി അധ്യക്ഷന്മാർ, എംപിമാർ എന്നിവരടക്കം 400 മുതിർന്ന നേതാക്കൾ ‘ഇന്ദിരാ ഭവൻ’ ഉദ്ഘാടനത്തിൽ പങ്കെടുക്കും.
ആറു നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരത്തിലേക്ക് കോണ്‍ഗ്രസിന്റെ ആസ്ഥാനം മാറിയാലും 24 അക്ബർ റോഡിലെ ഐതിഹാസികമായ നിലവിലുള്ള ഓഫീസും പരിസരവും പാർട്ടി ഒഴിയില്ല. പുതിയ മന്ദിരത്തിലേക്കു മാറിയശേഷം ബിജെപിയും പഴയ ഓഫീസ് ബംഗ്ലാവ് വിട്ടുനൽകിയിരുന്നില്ല.
1978 മുതൽ കോണ്‍ഗ്രസിന്റെ ആസ്ഥാനമായിരുന്ന 24 അക്ബർ റോഡിലെ മന്ദിരത്തിൽ പാർട്ടിയുടെ വിവിധ സെല്ലുകൾ പ്രവർത്തിക്കും. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് കളം മുറുകുന്നതിനിടെയാണ് എഐസിസി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനമെന്നതു ശ്രദ്ധേയമാണ്.
ആറുനിലയിൽ ആധുനികം
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ആറു നിലകളിലുള്ള കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമായ ഇന്ദിരാഭവൻ പൈതൃകത്തിന്റെയും പുതുമയുടെയും മിശ്രിതമാണ്.
ഐടിഒയ്ക്കു സമീപം ബിജെപിയുടെ കേന്ദ്ര ഓഫീസിന് അടുത്തായുള്ള ഇന്ദിരാഭവൻ കോണ്‍ഗ്രസിന്റെ ഭരണപരവും തന്ത്രപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാകും.
21,008 ചതുരശ്രയടി വിസ്തീർണം
ഡൽഹി ഐടിഒയ്ക്കടുത്ത് രണ്ടേക്കര്‍ സ്ഥലത്ത് 21,008 ചതുരശ്രയടി വിസ്തീർണത്തിലാണ് ഇന്ദിരാഭവൻ നിർമിച്ചത്. തൊട്ടടുത്തുള്ള ബിജെപിയുടെ ആസ്ഥാനമന്ദിരത്തിന് 1.70 ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്.
ലോകത്തിലെ രാഷ്ട്രീയപാർട്ടികളുടെ ഏറ്റവും വലിയ ഓഫീസാണു ബിജെപി ഡൽഹിയിൽ നിർമിച്ചത്. ബിജെപി ഓഫീസിനു സമീപത്തായി ദീൻ ദയാൽ ഉപാധ്യായ മാർഗും കോട്ല റോഡും ചേരുന്ന മൂലയിലാണ് കോണ്‍ഗ്രസ് ആസ്ഥാനം.
വിശാലമായ കണ്വൻഷൻ സെന്ററാണ് പുതിയ മന്ദിരത്തിലെ പ്രധാന ആകർഷണം. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഓഫീസിനും അനുബന്ധ ഓഫീസുകൾക്കുമായി ഒരു നില പൂർണമായി നീക്കിവച്ചിട്ടുണ്ട്. ഭൂഗർഭ പാർക്കിംഗ് മുതൽ ആധുനിക സുരക്ഷാസംവിധാനങ്ങൾ വരെ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ആദ്യ അധ്യക്ഷൻ ഡബ്യു.സി. ബാനർജി മുതൽ ഖാർഗെ വരെയുള്ളവരുടെ ചരിത്രം, സ്വാതന്ത്ര്യസമരത്തിലെ കോണ്‍ഗ്രസിന്റെ പങ്ക്, കോണ്‍ഗ്രസ് സർക്കാരുകളുടെ പ്രധാന നേട്ടങ്ങൾ എന്നിവ വിവരിക്കുന്ന ചിത്രങ്ങളും രേഖകളും നടന്നുകാണാവുന്ന തരത്തിൽ പുതിയ മന്ദിരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
നിർമാണം പൂർത്തിയാക്കാൻ 15 വർഷം
2009 ഡിസംബറിൽ അന്നു പാർട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗും ചേർന്നാണ് പുതിയ മന്ദിരത്തിന്റെ തറക്കല്ലിട്ടത്.
യുപിഎ സർക്കാരിന്റെ കാലത്താണു ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള ദേശീയ പാർട്ടികൾക്ക് ഡൽഹിയിൽ പുതിയ ആസ്ഥാനമന്ദിരം പണിയാൻ സ്ഥലം അനുവദിച്ചത്. ബിജെപി ആസ്ഥാനത്തിന്റെ നിർമാണം വേഗം തീർത്തെങ്കിലും കോൺഗ്രസിന്റെ ആസ്ഥാനനിർമാണം പൂർത്തിയാക്കാൻ 15 വർഷമെടുത്തു.
2009ൽ 160.76 കോടി രൂപ നിർമാണച്ചെലവും 12 കോടിയോളം രൂപ സർക്കാർ ഫീസുകളും കണക്കാക്കിയാണ് നിർമാണം തുടങ്ങിയതെങ്കിലും നിർമാണം വൈകിയതിനാൽ മൊത്തം ചെലവ് 180 കോടിയിലേറെ രൂപയായെന്നാണു സൂചന.
എൽആൻഡ്ടി കന്പനിക്കായിരുന്നു കരാർ നൽകിയത്. തൊട്ടടുത്തുള്ള ബിജെപി ആസ്ഥാനത്തിന് 700 കോടിയിലേറെ രൂപ ചെലവായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.