""മറക്കണം, പൊറുക്കണം''; കലാപത്തിൽ ക്ഷമാപണവുമായി മണിപ്പുർ മുഖ്യമന്ത്രി
Wednesday, January 1, 2025 2:24 AM IST
ഇംഫാൽ: ഇരുനൂറിലധികം പേരുടെ മരണത്തിനു കാരണമായ വംശീയ കലാപത്തിന്റെ പേരിൽ ജനങ്ങളോടു ക്ഷമാപണവുമായി മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്.
കടന്നുപോയ വർഷം മുഴുവന്‍ ദൗര്ഭാഗ്യങ്ങളുടേതായിരുന്നുവെന്നും അതില്‍ അതിയായ ഖേദമുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി, ജനങ്ങളോടു ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
""കഴിഞ്ഞ മേയ് മുതൽ നടന്ന കാര്യങ്ങളിൽ ഏറെ ഖേദിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളോടു ക്ഷമാപണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലര്‍ക്കും അവരുടെ വീടുകള്‍ വിടേണ്ടി വന്നു. ശരിക്കും ഖേദമുണ്ട്. ക്ഷമ ചോദിക്കുകയാണ് ''-മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്നുനാലു മാസമായി സമാധാനത്തിലേക്കുള്ള യാത്രയിലാണു സംസ്ഥാനം. ഇതു കാണുന്പോൾ പുതുവർഷത്തിൽ ക്രമസമാധാനം ശരിയായ നിലയിലാകും എന്നതാണു പ്രതീക്ഷ. സംഭവിച്ചതെല്ലാം സംഭവിച്ചു.
പഴയ തെറ്റുകള്‍ മറന്ന് ഒരു പുതിയ ജീവിതം ആരംഭിക്കേണ്ടതുണ്ട്. ശാന്തവും സമ്പന്നവുമായ മണിപ്പുരിനായി എല്ലാവരും ഒരുമയോടെ മുന്നോട്ടുവരണം. മണിപ്പുരിലെ 35 വംശീയവിഭാഗങ്ങളും ഒരുമയോടെ ജീവിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.കഴിഞ്ഞവര്‍ഷം മേയില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 220 പേര്‍ക്കു ജീവന് നഷ്ടമായി.
ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തെയ് വിഭാഗക്കാരെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ച മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള പ്രക്ഷോഭമാണ് കലാപത്തിനു തുടക്കമിട്ടത്.
പതിനായിരങ്ങൾ ഭവനരഹിതരായി. ആയിരങ്ങൾക്കു പരിക്കേറ്റു. സമീപദിവസങ്ങളും പല ജില്ലകളിലും അക്രമങ്ങൾ ഉണ്ടായി. മണിപ്പുരിലെ പ്രശ്നബാധിതമേഖലകളിൽ ഏതാനും ദിവസങ്ങളായി സുരക്ഷാസേനകൾ വ്യാപക പരിശോധന തുടരുകയാണ്.
മോദിയും മാപ്പു പറയണം: കോണ്‍ഗ്രസ്
മണിപ്പുരിൽ തുടരുന്ന കലാപത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് മാപ്പ് പറഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാപ്പ് പറയണമെന്നു കോണ്‍ഗ്രസ്.
രാജ്യം മുഴുവനും ലോകമെന്പാടും സഞ്ചരിക്കുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണു മണിപ്പുരിൽ പോകാൻ കഴിയാത്തതെന്നും മാപ്പ് പറയാത്തതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു.
പ്രധാനമന്ത്രി മണിപ്പുർ സന്ദർശനം മനഃപൂർവം ഒഴിവാക്കുകയാണ്. മണിപ്പുർ ജനതയ്ക്ക് എന്തുകൊണ്ടാണ് ഇതു മനസിലാകാത്തതെന്നും മുഖ്യമന്ത്രി ബിരേൻ സിംഗ് മാപ്പ് ചോദിക്കുന്ന വീഡിയോ പങ്കുവച്ച് ജയ്റാം രമേശ് എക്സിൽ കുറിച്ചു.