District News
കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷന് കോട്ടയം കളക്ടറേറ്റില്‍ നടത്തിയ സിറ്റിംഗില്‍ 81 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷനംഗങ്ങളായ ഡോ.കെ.എം. ദിലീപും ഡോ.എം. ശ്രീകുമാറും പ്രത്യേകമായി നടത്തിയ സിറ്റിംഗുകളില്‍ ആകെ 95 പരാതികളാണ് പരിഗണിച്ചത്.
14 എണ്ണം അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റി. വിവരാവകാശ അപേക്ഷകര്‍ക്ക് സമയ ബന്ധിതമായി മറുപടി നല്‍കേണ്ട ഉത്തരവാദിത്വം നിറവേറ്റാത്ത ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷനംഗങ്ങള്‍ പറഞ്ഞു.
District News
കോട്ടയം: നെടുംകുന്നം നെടുമണ്ണിയിലെ തടയണ മൂലം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ദുരിതം അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ വികസനസമിതി യോഗം നിര്‍ദേശം നല്കി. സമീപവീടുകളില്‍ വെള്ളം കയറുന്നതും കൃഷി നശിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് തീരുമാനം.
തടയണയില്‍നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരെയും തടയണ കാരണം ദുരിതം അനുഭവിക്കുന്നവരെയും വിളിച്ചുചേര്‍ത്ത് പ്രശ്നപരിഹാര സാധ്യത തേടാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് യോഗം നിര്‍ദേശം നല്കി.
കാഞ്ഞിരപ്പള്ളി ടൗണില്‍ ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍ പങ്കെടുത്തു.
District News
ചങ്ങനാശേരി: പറാല്‍ നിവാസികള്‍ ചോദിക്കുന്നു; ഞങ്ങള്‍ക്ക് വെള്ളം എന്നു കിട്ടും. വാഴപ്പള്ളി പഞ്ചായത്ത് 20, 21 വാര്‍ഡുകളില്‍പ്പെട്ട പറാല്‍ സെന്റ് ആന്റണീസ് പള്ളി, ഇടക്കേരി, പാരിപ്പള്ളം, വിവേകാനന്ദ എല്‍പി സ്കൂള്‍ ഭാഗങ്ങളിലെ നൂറോളം വീടുകള്‍ക്കാണ് ശുദ്ധജലം മുടങ്ങിയിരിക്കുന്നത്. ശുദ്ധജലം മുടങ്ങിയിട്ട് മൂന്നാഴ്ചക്കാലം പിന്നിടുകയാണ്.
പൈപ്പുജലം മുടങ്ങിയതോടെ നാട്ടുകാര്‍ കിണറുകളെയും മഴവെള്ളത്തെയുമാണ് ആശ്രയിക്കുന്നത്. പല കിണറുകളിലെയും വെള്ളം ഉപയോഗപ്രദമല്ലെന്നാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചെറുകരക്കുന്ന് ടാങ്കില്‍നിന്നുള്ള വെള്ളം വണ്ടിപ്പേട്ടയില്‍ എത്തിച്ചാണ് പറാല്‍, വെട്ടിത്തുരുത്ത് ഭാഗങ്ങളിലേക്കു വിതരണം ചെയ്യുന്നത്.
വാട്ടര്‍ അഥോറിറ്റി ഓഫീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. പമ്പിംഗ് തകരാറാണ് ശുദ്ധജലവിതരണ തടസത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വീട്ടമ്മമാര്‍ ശുദ്ധജലത്തിനായി നെട്ടോട്ടത്തില്‍
പറാലില്‍ പൈപ്പ് വെള്ളം മുടങ്ങിയതുമൂലം വീട്ടമ്മമാര്‍ക്ക് അതിദുരിതമാണ്. ദിവസങ്ങള്‍ക്കുമുമ്പ് ടാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ് കുടിക്കുന്നത്. കിണറുകളിലെ വെള്ളം ഉപയോഗപ്രദമല്ല. വളരെ ദൂരത്തുപോയാണ് വീട്ടുപയോഗത്തിനായി വെള്ളം ശേഖരിക്കുന്നത്.
ആലീസ് ആന്റണി
പുത്തന്‍പുരയ്ക്കല്‍, വീട്ടമ്മ
പറാല്‍ നിവാസികള്‍ ദുരിതത്തില്‍
മൂന്നാഴ്ചക്കാലമായി ശുദ്ധജലം മുടങ്ങിയതോടെ പറാല്‍ നിവാസികള്‍ ഏറെ ബുദ്ധിമുട്ടിലാണ്. ചെറുകരക്കുന്ന് ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. നടപടിയൊന്നും ഉണ്ടായില്ല. ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും.
ജയ്സണ്‍ ടി. തൈപ്പറമ്പില്‍
കേരള കോണ്‍ഗ്രസ്
നിയോജകമണ്ഡലം എക്സിക്യൂട്ടീവംഗം
ചങ്ങനാശേരിയിലേക്കുള്ള വെള്ളം വെട്ടിമാറ്റുന്നു : 14 ദശലക്ഷം ലിറ്റര്‍ വേണ്ടിടത്ത്
കിട്ടുന്നത് വെറും എട്ടു ദശലക്ഷം
ചങ്ങനാശേരി: 14 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം വേണ്ടിടത്ത് കിട്ടുന്നത് വെറും എട്ടുമുതല്‍ പത്തു ദശലക്ഷം വരെ മാത്രം. ചങ്ങനാശേരിയിലേക്കുള്ള വെള്ളം വെട്ടിമാറ്റുന്നതാരെന്ന ചോദ്യമുയരുന്നു. കഴിഞ്ഞ അഞ്ചുമാസക്കാലമായാണ് കറ്റോട്, കല്ലിശേരി പദ്ധതികളില്‍നിന്നു ചങ്ങനാശേരിയിലേക്കു പമ്പു ചെയ്യുന്ന വെള്ളത്തിന്റെ അളവിൽ വന്‍തോതില്‍ കുറവുണ്ടായിരിക്കുന്നത്.
ഇതിനുമുമ്പ് ചങ്ങനാശേരിയിലേക്ക് 12 ദശലക്ഷം ലിറ്റര്‍വരെ വെള്ളം ലഭിച്ചിരുന്നതായാണ് കണക്ക്.
ഇത് മാസംതോറും കുറഞ്ഞാണ് എട്ടു ദശലക്ഷം ലിറ്ററില്‍ എത്തി നില്‍ക്കുന്നത്. കറ്റോട്, കല്ലിശേരി പദ്ധതികളില്‍ നിന്നുള്ള വെള്ളം ചങ്ങനാശേരി ചെറുകരക്കുന്നിലുള്ള രണ്ടു ജലസംഭരണികളിലെത്തിച്ച് ചങ്ങനാശേരി നഗരസഭയ്ക്കും പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകള്‍ക്കുമാണ് വിതരണം ചെയ്യുന്നത്. പുതിയ കണക്ഷന് അടക്കം മുപ്പതിനായിരത്തോളം ഉപഭോക്താക്കളാണ് ഈ പരിധിയിലുള്ളത്.
എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയാണ് പറാല്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജല ദൗര്‍ലഭ്യം വര്‍ധിച്ചത്.
District News
തലയോലപ്പറമ്പ്: മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും സിഐഡി ഭായിയെന്നു വിളിപ്പേരുള്ള പഞ്ചാബിയായ ബാൽകിഷൻസിംഗിനെ മറക്കാൻ തലയോലപ്പറമ്പുകാർക്കാകുന്നില്ല. വേഷപ്രച്ഛന്നതയിലൂടെ തലയോലപ്പറമ്പിലും സമീപപ്രദേശങ്ങളിലും സുപരിചിതനായ പാലാംകടവ് മുണ്ടമ്പള്ളി കെ.സി.സാബുവെന്ന കലാകാരനിലൂടെ സിഐഡി ഭായി വീണ്ടും നിരത്തിൽ നിറയുന്നു. നാലു പതിറ്റാണ്ടു മുമ്പ് തലയോലപ്പറമ്പിലെത്തിയ ഭായിയെ ഭക്ഷണവും കിടക്കാൻ ഇടവും കൊടുത്തും വ്യാപാരസ്ഥാപനത്തിന്റെ പരസ്യചിത്രത്തിലെ മുഖശ്രീയായും തലയോലപ്പറമ്പ് ബാൽകിഷൻസിംഗിനെ നെഞ്ചേറ്റി.
ജനമനസിൽ നിറഞ്ഞുനിൽക്കുന്ന സിഐഡി ഭായിയുടെ വേഷപ്പകർച്ചയിൽ കെ.സി.സാബു തെരുവോരത്തും കടകളിലും കടന്നുവന്നപ്പോൾ ജനങ്ങൾ വിസ്മയഭരിതരായി. ഭായിയുടെ ചൂടും ചൂരുമറിഞ്ഞ തെരുവുനായ ഭായിയല്ലെന്ന് മണത്തറിഞ്ഞ് സാബുവിന്റെ നേർക്ക് കുരച്ചുചാടിയതും ജനങ്ങളിൽ കൗതുകമുണർത്തി.
നാലു പതിറ്റാണ്ട് കൈയിൽ വടിയേന്തി തെരുവിലലഞ്ഞ തലയോലപ്പറമ്പുകാരുടെ പ്രിയപ്പെട്ട ഭായി കഴിഞ്ഞ ജൂലൈ 20നാണ് മരിച്ചത്. അനാഥനായി തലയോലപ്പറമ്പിലെത്തിയ സിഐഡി ഭായിക്ക് തലയോലപ്പറമ്പ് നിവാസികൾ പൊതുദർശനത്തോടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി.
മണക്കുന്നം എസ്എൻഡിപിയുടെ പ്രതിഷ്ഠാ വാർഷിക ഘോഷയാത്രയിലാണ് കെ.സി.സാബു സിഐഡി ഭായിയായി വേഷമിട്ടത്. പിന്നീട് പലതവണ തലയോലപ്പറമ്പ് ടൗണിൽ ഭായിയായി എത്തി ജനശ്രദ്ധയാകർഷിച്ചു.
തലയോലപ്പറമ്പിൽ ടയർ പഞ്ചർ കടയിലെ ജോലിയോടൊപ്പം നിരവധി അമച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള സാബു ഘോഷയാത്രകളിൽ സമകാലിക പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രച്ഛന്ന വേഷങ്ങൾ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത് .
തലയോലപ്പറമ്പിലെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞിരുന്ന വടയാർ ഗോപി, രാഷ്ട്രീയരംഗത്ത് കോളിളക്കം സൃഷ്ടിച്ച സരിത നായർ തുടങ്ങിയ വേഷങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ നേടി. ഭാര്യ മിനിയും മകൻ സച്ചിൻ സാബുവും പൂർണ പിന്തുണ നൽകുന്നു.
District News
വെള്ളൂർ: പിറവം റോഡ് റെയിൽവേ മേൽപാലത്തിന്റെ അടിപ്പാതയിലെ വെള്ളവും ചെളിയും നീക്കി. വെള്ളൂർ കല്ലുവേലി റെയിൽവേ അടിപ്പാതയിൽ വെള്ളവും ചെളിയും നിറഞ്ഞതിനെത്തുടർന്ന് ഗതാഗതം ദുഷ്കരമായ വാർത്ത ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളൂർ കല്ലുവേലിൽ റെയിൽവേഗേറ്റ് മാറ്റി പകരം റെയിൽപാതയ്ക്ക് അടിയിലുടെ വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും കടന്നുപോകുന്നതിനാണ് അടിപ്പാത തീർത്തത്. ചെളിയും വെള്ളവും നിറഞ്ഞതോടെ കാൽനടയാത്ര ദുഷ്കരമായി.
അവർമ സ്വദേശിയായ ബൈക്ക് യാത്രികന് അടിപ്പാതയിൽ വീണ് പരിക്കേറ്റിരുന്നു.വെള്ളൂർ-വെട്ടിക്കാട്ട്മുക്ക് റോഡിലൂടെ കെപിപിഎൽ, ഇറുമ്പയം, പെരുവ ഭാഗങ്ങളിലേക്ക് പോകുന്നത് അടിപ്പാതവഴിയാണ്. വെള്ളൂരിൽ ആരംഭിക്കുന്ന പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി ലോറിയിൽ കൊണ്ടുപോകുന്ന മണ്ണ് താഴെ വീണ് വെള്ളക്കെട്ടിൽ ചേർന്ന് ചെളിയായി റെയിൽവേ വെള്ളം പമ്പുചെയ്തു കളയുന്നതിനു നിർമിച്ച കിണറ്റിൽ നിറഞ്ഞ് പമ്പിംഗ് തകരാറിലായതാണ് ഗതാഗതതടസത്തിന് ഇടയാക്കിയത്.
ചെളിയും വെള്ളവും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.ആർ. ഷാജി, പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ റോഡ് ഉപരോധമടക്കമുള്ള സമരം സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ചെളിയും വെള്ളവും നീക്കി ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചത്.
District News
തലയോലപ്പറമ്പ്: തടികയറ്റി വന്ന മിനിലോറിയും കാറും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. പൊതി മേഴ്സി കവലയ്ക്കു സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.
പൊതിഭാഗത്തുനിന്നു തടി കയറ്റിവന്ന മിനിലോറിയും തലയോലപ്പറമ്പ് ഭാഗത്തുനിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെതുടർന്ന് മിനിലോറി റോഡിനു നടുവിലേക്ക് തെന്നിമാറിയത് ഏതാനുംനേരം ഗതാഗതം തടസപ്പെടുത്തി. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
District News
ചെമ്പ്: ടാങ്കർ ലോറിയുടെ പിൻഭാഗത്തെ ടയറിൽനിന്നു തീയും പുകയും ഉയർന്നത് ഭീതി പരത്തി.എറണാകുളത്തുനിന്നു ഹരിപ്പാടിന് പോകുകയായിരുന്ന ഇന്ധനം കയറ്റിയ ടാങ്കർ ലോറിയുടെ ബ്രേക്ക് ലൈനർ ജാമായതിനെത്തുടർന്ന് ചൂടായാണ് തീയും പുകയും ഉയർന്നത്.
വൈക്കത്തുനിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തി വെള്ളം പമ്പ് ചെയ്ത് തീ അണച്ചു.
ഇന്നലെ രാവിലെ പത്തിന് മുറിഞ്ഞപുഴപാലത്തിനു സമീപമായിരുന്നു സംഭവം. തകരാറിലായ ടയർ ഊരിമാറ്റി മറ്റൊരു ടയർ ഘടിപ്പിച്ചശേഷമാണ് ടാങ്കർ യാത്ര തുടർന്നത്.
District News
വൈക്കം: വേന്പനാട്ടുകായൽ നീന്തിക്കടന്ന് യുകെജി വിദ്യാ ർഥികളായ ഇരട്ടകൾ. എസ്ബിഐ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിന്റെയും അനുവിന്റെയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യ ഹരീഷും നിഹാരിക ഹരീഷുമാണ് ഇന്നലെ വേമ്പനാട്ടുകായൽ കുറുകെ നീന്തി കീഴടക്കിയത്.
രാവിലെ 7.30ന് ചേർത്തല കൂമ്പേൽ കടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് 1.46 മണിക്കൂർകൊണ്ട് നീന്തിക്കടന്നത്.കായലോര ബീച്ചിൽ നടന്ന അനുമോദന യോഗം അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. വൈക്കം ഡിവൈഎസ്പി ടി.ബി. വിജയൻ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻന്റ് പി. പ്രീതി, വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദൻ, എ.മനാഫ്, എൻ.പി.അൻസൽ തുടങ്ങിയവർ സംബന്ധിച്ചു.
District News
തലയോലപ്പറമ്പ്: വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകുന്ന ദിശാബോർഡുകൾ കാടുകയറിമൂടിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. അപകടകരമായ വളവുകൾ, വാഹനാപകടസാധ്യതയുള്ള സ്ഥലങ്ങളിലെ വേഗപരിധി മുന്നറിയിപ്പുകൾ, സ്ഥലനാമ സൂചകങ്ങൾ ഇതെല്ലാം തലയോലപ്പറമ്പിലെ തെരുവോരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും കാടുപിടിച്ച് മറഞ്ഞ നിലയിലാണ്.ചിലത് വാഹനങ്ങൾ തട്ടി ഒടിഞ്ഞത് കയറുപയോഗിച്ച് തലകീഴായി കെട്ടിവച്ചിരിക്കുകയാണ്.
മറ്റുചില സ്ഥലങ്ങളിൽ ബോർഡുകൾ നഷ്ടപ്പെട്ട് കാലുകൾ മാത്രമായി നിൽക്കുകയാണ്. നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ള വടയാർ പൊട്ടൻചിറ വളവിൽ സ്ഥാപിച്ചിട്ടുള്ള അപായസൂചക ബോർഡ് കാടുപിടിച്ചു മറഞ്ഞ നിലയിലാണ്.
തലയോലപ്പറമ്പ് നൈസ് തിയറ്ററിന് തൊട്ടുമുൻപായി 40 കിലോമീറ്റർ വേഗപരിധിയെന്നു കാണിച്ചിട്ടുള്ള ബോർഡ് കാടിനുള്ളിലാണ്. തലപ്പാറയിൽ നിരവധി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ജംഗ്ഷനിലെ ഒടിഞ്ഞ ദിശാബോർഡ് കയറുപയോഗിച്ച് തലകീഴായി കെട്ടിവച്ചി രിക്കുകയാണ്. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വീഥികളിലെ ദിശാബോർഡുകൾ പുനഃസ്ഥാപിച്ച്് ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കുമാരനല്ലൂര്‍: ട്രെയിന്‍ തട്ടി വയോധികൻ മരിച്ചു. ഇന്നലെ രാത്രി എട്ടിനാണ് സംഭവം. കുമാരനല്ലൂര്‍ മിനി ഇൻഡസ്ട്രിയുടെ ഭാഗത്താണ് അപകടമുണ്ടായത്. എറണാകുളം-കൊല്ലം മെമു ട്രെയിനാണ് ഇടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
District News
അതിരമ്പുഴ: അതിരമ്പുഴയുടെ മുഖച്ഛായ മാറ്റിയ വികസനമാണ് അഞ്ചു വര്‍ഷക്കാലയളവില്‍ നടന്നതെന്ന് മന്ത്രി വി.എന്‍. വാസവന്. അതിരമ്പുഴ പഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തംഗം ബേബിനാസ് അജാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അതിരമ്പുഴയുടെ സ്നേഹാദരം മന്ത്രി ഏറ്റുവാങ്ങി.
റിസോഴ്സ് പേഴ്സണ്‍ കെ.ജെ. മാത്യു, സെക്രട്ടറി സി.വൈ. നിസി ജോണ്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, പഞ്ചായത്ത് അംഗങ്ങളായ ജോഷി ഇലഞ്ഞി, സിനി ജോര്‍ജ്, ടി.ഡി. മാത്യു, അമ്പിളി പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
District News
അതിരമ്പുഴ: ഫ്രാൻസിസ് ജോർജ് എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് നാല് സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ അനുവദിച്ചു.
പാനലുകളുടെ സ്വിച്ചോൺ കർമം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, പ്രിൻസിപ്പൽ ബിനു ജോൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കുര്യൻ, അഡ്വ. മൈക്കിൾ ജയിംസ്, രെഞ്ചു ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
District News
മറ്റക്കര: വടക്കേടം-മഞ്ഞക്കാവ്-മുണ്ടുവാലേൽ കോൺ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽ പന്നഗം തോടിനു കുറുകെയുള്ള വാഴപ്പള്ളി പാലത്തിന് കൈവരി അത്യാവശ്യമാകുന്നു.
വാഹനങ്ങൾ കടന്നുപോകത്തക്ക വിധം ചപ്പാത്ത് രീതിയിലാണ് പാലം നിർമിച്ചത്. എന്നാൽ, പാലത്തിന് മതിയായ രീതിയിൽ കൈവരി ഇല്ലാത്തത് അതുവഴി വാഹനങ്ങൾ യാത്രചെയ്യുമ്പോൾ അപകട സാധ്യത വർധിപ്പിക്കുന്നു, പ്രത്യേകിച്ചു രാത്രി കാലങ്ങളിൽ.
വടക്കേടം ജംഗ്ഷനിൽനിന്ന് വരുന്ന റോഡ് പാലത്തിലേക്ക് കയറുന്ന ഭാഗവും നിലവിൽ അപകട ഭീഷണി ഉയർത്തുന്ന രീതിയിലാണുള്ളത്. പാലത്തിന്റെ ഇരുഭാഗവും വൃത്തിയാക്കി കൈവരി കൂടി പണിത് പാലം സുരക്ഷിതമാക്കണമെന്നാണ് ആവശ്യം.
District News
ഏറ്റുമാനൂര്‍: സംസ്ഥാനത്തെ സഹകരണ മേഖലയില്‍ 2031ഓടെ സംഭവിക്കേണ്ട ക്രിയാത്മക മാറ്റങ്ങള്‍ സംബന്ധിച്ച ആശയസമാഹരണത്തിനായി സഹകരണവകുപ്പ് സംഘടിപ്പിക്കുന്ന വിഷന്‍-2031 ഏകദിന സെമിനാര്‍ 28ന് ഏറ്റുമാനൂരില്‍ നടക്കും.
ഏറ്റുമാനൂര്‍ ഗ്രാൻഡ് അരീന കണ്വന്ഷന് സെന്ററില്‍ രാവിലെ 9.30 ന് മന്ത്രി വി.എന്‍. വാസവന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും.
സഹകരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി വീണ എന്‍. മാധവന്, എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ജോബ് മൈക്കിള്‍, സി.കെ. ആശ,
ചാണ്ടി ഉമ്മന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി. കാപ്പന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത്ബാബു, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടികര, സംസ്ഥാന സഹകരണ ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് കൃഷ്ണന് നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
District News
കോട്ടയം: കഴിഞ്ഞ 14 വര്‍ഷമായി കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രം നടത്തുന്ന പ്രഫഷണല്‍ നാടകമേള നവംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ടുവരെ കോട്ടയത്ത് ശാസ്ത്രി റോഡിലെ ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ നടക്കും.
മികച്ച നാടകത്തിന് 25,000 രൂപയും മുകളേല്‍ ഫൗണ്ടേഷന്റെ എവറോളിംഗ് ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിന് 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നല്‍കും. മികച്ച രചന, സംവിധാനം, നടൻ, നടി, സഹനടൻ, സഹനടി, ഹാസ്യനടൻ, സംഗീതം, ഗാനാലാപനം, ഗാനരചന മികച്ച ദീപസംവിധാനം, രംഗസജ്ജീകരണം, ജനപ്രിയനാടകം എന്നിവയ്ക്ക് കാഷ് അവാര്‍ഡും ഫലകവും നല്‍കും.
അവതരണാനുമതി ലഭിക്കുന്ന ഓരോ നാടകത്തിനും 15,000/രൂപ പ്രതിഫലമായും ദൂരമനുസരിച്ച് യാത്രാച്ചെലവും നല്‍കും.
വിദഗ്ധസമിതി തെരഞ്ഞെടുക്കുന്ന 10 നാടകങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ട്രൂപ്പുകള്‍ 31നകം 2025ലെ പുതിയ നാടകത്തിന്റെ സ്ക്രിപ്റ്റിന്റെ ഒരു കോപ്പി, കണ്‍വീനര്‍ നാടകമത്സരം, ദര്‍ശന സാംസ്കാരിക കേന്ദ്രം, ശാസ്ത്രി റോഡ്, കോട്ടയം-686 001 എന്ന വിലാസത്തില്‍ അയച്ചുതരണം. ഫോൺ: 9447008255, 9846478093, 9188520400.
District News
പള്ളിക്കത്തോട്: ബസ് സ്റ്റാന്‍ഡില്‍നിന്നു കോട്ടയത്തേക്ക് പുറപ്പെട്ട സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിര്‍വശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകുന്നേരം ആറിന് സ്റ്റാന്‍ഡില്‍നിന്നു ബസ് പുറത്തേക്ക് ഇറങ്ങുന്പോഴാണ് സംഭവം. റോഡിന് കുറുകെ ഫുട്പാത്തും കടന്നാണ് ബസ് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ കടയുടെ മുമ്പിലെ റൂഫിംഗ് പൂര്‍ണമായി തകര്‍ന്നു. ഏറെ തിരക്കേറിയ റോഡിലാണ് അപകടമെങ്കിലും ആര്‍ക്കും പരിക്കുകളില്ല.
District News
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ബിജെപിയിൽ ചേർന്നു. 34 വർഷമായി സജീവ സിപിഎം പ്രവർത്തകനും ലോക്കൽ സെക്രട്ടറി അടക്കമുള്ള പദവികൾ വഹിക്കുകയും പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്ത ജോർജ് മാത്യുവാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
2020ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ തുല്യമായി വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പൂഞ്ഞാർ തെക്കേക്കരയിൽ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ജനപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഎം അംഗമായ ജോർജ് മാത്യു തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മറ്റിയും വിഷയം ചർച്ച ചെയ്യുകയും പി.സി. ജോർജിന്റെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. തുടർന്ന് സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ജോർജ് മാത്യു വഴങ്ങിയില്ല.
തുടർന്ന് പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. കോൺഗ്രസ് പിന്നീട് അവിശ്വാസം കൊണ്ടുവന്നെങ്കിലും ബിജെപിയിലേക്ക് ചേക്കേറിയ ജനപക്ഷത്തിന്റെ പിന്തുണ അപ്പോഴും ജോർജ് മാത്യുവിന് ഒപ്പമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷവും പ്രസിഡന്റുസ്ഥാനത്ത് തുടരാൻ ജോർജ് മാത്യുവിനായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജോർജ് മാത്യുവിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, മിനർവ മോഹൻ എന്നിവരും പങ്കെടുത്തു.
District News
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : നങ്കൂരമിട്ടിരുന്ന കപ്പലിലെ നീണ്ട നാല് മാസത്തെ കടൽവാസത്തിന് അവസാനം കുറിച്ച് 11 ഇന്ത്യക്കാരും ഒരു ഖാനക്കാരനുമടങ്ങുന്ന സംഘം ഇന്നലെ വൈകുന്നേരത്തോടെ വിഴിഞ്ഞം തുറമുഖത്തണഞ്ഞു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ ഉൾക്കടലിൽ മുങ്ങിയ എംഎസ്സി എൽസ- 3 യുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്ത് വിഴിഞ്ഞത്ത് തടഞ്ഞുവച്ച എംഎസ്സി അക്കിറ്റേറ്റ് -2 ലെ ജീവനക്കാർക്കാണ് ഇന്നലെ കര കയറാനുള്ള ഭാഗ്യം ലഭിച്ചത്.
ലൈബീരിയൻ രജിസ്ട്രേഷനുള്ള അക്കിറ്റേറ്റ് ആഫ്രിക്കൻ രാജ്യമായ ഖാനയിലെ ടാമറ്റാസിൽ നിന്ന് കണ്ടെയ്നറുകളുമായി നാല് മാസം മുൻപാണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നർ ഇറക്കിയുള്ള ദൗത്യം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് കോടതി വിധിയും വന്നു. അതോടെ തിരിച്ച് പോക്കും അനിശ്ചിതത്വത്തിലായി. കപ്പലിനെ തീരത്ത് നിന്ന് നാലര നോട്ടിക്കൽ ഉൾക്കടലിലേക്ക് മാറ്റി നങ്കൂരമിടാൻ അധികൃതർ നിർബന്ധിതരായി. ജീവനക്കാരിൽ ഇന്ത്യക്കാരായ പതിനൊന്ന് പേരും ചീഫ് എൻജിനിയറായ ഖാനാ സ്വദേശി അഡ്ജെ അഗ്രിജോൺ കോബിന ഉൾ പ്പെടെയുള്ളവരും കടലിൽ കുടുങ്ങി.
ഏത് പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച് പായുന്ന കപ്പലിലെ നീണ്ടകാല യാത്രക്കിടയിലും തളരാത്തവർപുറം കടലിൽ നങ്കൂരമിട്ട കണ്ടെയ്നറിലെ നാല് മാസത്തെ വാസത്തിനിടയിൽ മാനസികമായി തളർന്നു. കപ്പലിലെ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞപ്പോൾ വിഴിഞ്ഞത്തെ മാരിടൈം ബോർഡ് തുറമുഖ അധികൃതർ ഒരു മാസം മുൻപ് ടഗ്ഗിൽ ആവശ്യത്തിനുള്ള എല്ലാം എത്തിച്ച് സഹായിച്ചു. തിരിച്ച് പോക്ക് അനിശ്ചിതത്വത്തിലായതോടെ നിരാശയിലായവരെ പുറത്തിറക്കാനുള്ള മാസ്റ്ററുടെ അപേക്ഷ പ്രകാരമാണ് എല്ലാ നടപടികളും പൂർത്തിയാക്കി മാരിടൈം ബോർഡ് തുറമുഖ അധികൃതർ എല്ലാവരെയും പുറംകടലിൽ നിന്ന് തുറമുഖത്ത് എത്തിച്ചത്.
പകരം മറ്റ് പതിനൊന്ന് ജീവനക്കാരെ കപ്പലിൽ എത്തിക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 25 നാണ് 640 കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എംഎസ്സിയുടെ എൽസാ - 3 കടലിൽ മുങ്ങിയത്. ഉണ്ടായിരുന്ന 24 ജീവനക്കാരെ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ആകെയുള്ള 640 കണ്ടെയ്നറുകളിൽ 13 എണ്ണം കാൽസ്യം കാർബൈഡ് അടങ്ങിയ കെമിക്കൽ എന്നത് ഏറെ ആശങ്കക്കിടവരുത്തിയിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന ൺ കണക്കിന് ഓയിലും കെമിക്കലും എല്ലാം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന കോടതിയുടെ നിരീക്ഷണമാണ് അതേ കന്പനിയുടെ കപ്പലായ അക്കിറ്റേറ്റക്ക് വിനയായത്. ഇനിസർക്കാർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരവും നൽകി കോടതിയുടെ അന്തിമ വിധിയും കഴിഞ്ഞ് വേണം തീരം വിടാൻ.
District News
നെയ്യാർഡാം: കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും 20 സെന്റിമീറ്റർ വീതം കൂടി ഉയർത്തി. ഇന്നലെ വൈകുന്നേരമാണ് ഷട്ടറുകൾ ഉയർത്തിയത്. ഇന്നലെ രാവിലെ 10 സെൻറീമീറ്റർ വീതം നാലു ഷട്ടറുകളും ഉയർത്തി യിരുന്നു. ഇതോടെ ഇന്നലെ രാവിലെ ആകെ 30 സെൻറീമീറ്റർ ആണ് ഷട്ടറുകൾ ഉയർത്തിയത്.
മഴയുടെ തുടർച്ചയും പ്രദേശത്തിൽ നിന്നുള്ള നീരൊഴുക്ക് ശക്തമാകുന്നതും കാരണം
വീണ്ടും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം 20 സെന്റിമീറ്റർ വീതം കൂടി നാല് ഷട്ടറുകളും ഉയർത്തിയത്. ഇതോടെ ഓരോ ഷട്ടറുകളും ആകെ 50 സെൻറീമീറ്റർ ഉയർത്തി.
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ, തീരത്തുള്ളവരൊക്കെ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. ഇതോടെ ആറ്റിലേക്ക് വൻ ജല പ്രാവഹമുള്ളത്. പലേടത്തും കൃഷിയിടങ്ങളിൽ വെള്ളം കയറി. അഞ്ചു ചങ്ങലയിലും വെള്ളപൊക്കമുണ്ട്. വനത്തിൽ നല്ല മഴയാണ് ചെയ്യുന്നത്. അണക്കെട്ടിലേക്ക് നീരൊഴുകുന്ന നദികളായ നെയ്യാർ കല്ലാർ തുടങ്ങിയ നദികളിലും മറ്റ് ഒട്ടേറെ ചെറു നദികളിലും നിന്നും വെള്ളം ഡാമിലേക്ക് എത്തുന്നുണ്ട്.
District News
പേരൂർക്കട: സൈക്കിൾ സവാരിക്കാർക്ക് വേണ്ടി പ്രത്യേകമായി നിർമിച്ചിരിക്കുന്ന ട്രാക്കിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും യാതൊരു തരത്തിലുള്ള തടസവും ഉണ്ടാക്കാൻ പാടില്ലെന്നുമുള്ള കളക്ടർ അനുകുമാരിയുടെ ഉത്തരവ് ഇനിയും പാലിക്കപ്പെട്ടില്ല. വഴുതക്കാട് സ്മാർട്ട് റോഡ് മുതൽ തൈക്കാട് വരെയാണ് സൈക്കിൾ യാത്രാക്കാർക്കായി പ്രത്യേക ട്രാക്ക് ഉള്ളത്. ദിവസങ്ങൾക്കു മുമ്പാണ് ജില്ലാ കളക്ടറുടെ നിർദേശമുണ്ടായത്.
വഴുതക്കാട് ശ്രീമൂലം ക്ലബ്ബിന് സമീപത്തുനിന്ന് നോക്കിയാൽ ഓരോ 100 മീറ്ററിനുള്ളിലും സൈക്കിൾ യാത്രികരുടെ സവാരി തടസപ്പെടുത്തിക്കൊണ്ട് ബോർഡുകൾ കാണാൻ സാധിക്കും. ചിലത് കടകളുടെ നോർപാർക്കിംഗ് ബോർഡുകൾ ആണെങ്കിൽ മറ്റു ചിലത് ട്രാഫിക് പോലീസിന്റെ ബാരിക്കേഡുകൾക്ക് സമാനമായ നോ പാർക്കിംഗ് ബോർഡുകളാണ്. വഴുതക്കാട് മുതൽ തൈക്കാട് വരെ പച്ചനിറത്തിലാണ് സൈക്കിൾ യാത്രക്കാർക്ക് വേണ്ടിയുള്ള ട്രാക്ക് റോഡിൻറെ ഇടതുവശത്തായി നിർമിച്ചിട്ടുള്ളത്.
District News
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ മുളയറ പ്രദേശത്ത് കനത്തമഴയെ തുടർന്ന് മണ്ണിടിഞ്ഞു.അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ മുളയറ ഗാന്ധിജിനഗർ എസ്എസ് നിവാസിലുള്ള ശിവകുമാറിന്റെയും ശ്രീകലയുടെയും പുരയിടത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടിഞ്ഞ് വീണ മണ്ണ് വട്ടത്തിങ്കര തോട്ടിലേക്കാണ് പതിച്ചത്. ഏകദേശം 200 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞ് മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം
പുലർച്ചെ രണ്ടിനും നാലരയ്ക്കുമാണ് മണ്ണിടിഞ്ഞത്. നാലരയോടെയുണ്ടായ മണ്ണിടിച്ചിലിൽ വീടിന്റെ അടിഭാഗത്തെ മണ്ണ് മുഴുവനായും ഒലിച്ചുപോയി. വീടിന് ഭാഗിക കേടുപാടുകൾ സംഭവിച്ചു.
വീട്ടിൽ ഉള്ളവർ ഉറങ്ങിക്കിടക്കുമ്പോഴാണ് മണ്ണിടിഞ്ഞ് മാറിയത്. ശബ്ദം കേട്ടാണ് ഇവർ അറിയുന്നത്. ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചാണ് പുറത്തിറങ്ങിയത്. മണ്ണിടിച്ചിലിനെ തുടർന്ന് പുരയിടത്തിലെ തെങ്ങുകളും മറ്റു കൃഷികൾ ഉൾപ്പെടെ നശിച്ചു. സംഭവസ്ഥലം വാർഡ് മെമ്പർ സന്ദർശിച്ചു. വാർഡ് അംഗം വില്ലേജ് ഓഫീസറെയും തഹസിൽദാരെയും വിവരം അറിയിച്ചു.
.
District News
വിഴിഞ്ഞം : തെന്നൂർകോണം ഞാറവിള - കരയടിവിള റോഡിൽ അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ടിൽ നിന്നും കരകയറാനാകാതെ പ്രദേശവാസികൾ. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ റോഡിലെ വെള്ളക്കെട്ട് രൂക്ഷമാക്കി.
നവീകരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് പാകി നിർമിച്ച റോഡാണ് ജനങ്ങളുടെ ദുരിതത്തിന് കാരണമായത്. ഇന്റർലോക്കിട്ട റോഡിൽ വെള്ളം കെട്ടാതിരിക്കാൻ രണ്ട് മഴക്കുഴികൾ സ്ഥാപിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്ത വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കുകയോ വെട്ടി പൊളിച്ച റോഡിലെ കുഴി അടയ്ക്കുകയോ ചെയ്തില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കാൽനട യാത്രയും ദുസഹമായി.ആയിരത്തോളം കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥയും വെള്ളക്കെട്ടും കാരണം ദുരിതമനുഭവിക്കുന്നത്.
District News
വിളപ്പിൽശാല : കനത്ത മഴയെ തുടർന്ന് വിളപ്പിൽശാല ആശുപത്രിയുടെ മതിൽ തകർന്ന് വീണു. രണ്ടു വീടുകളുടെ അടുക്കള ഉൾപ്പടെ തകർന്നു. വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. സുമതി, ഷാജി എന്നിവരുടെ വീടുകളാണ് തകർന്നത്. വീട്ടിലുള്ളവർ ഉറങ്ങുകയായിരുന്നു.
വലിയ ശബ്ദം കേട്ട് ഉണർപ്പോഴാണ് ഇവരുടെ അടുക്കളയും തകർത്ത് മതിൽ ഇടിഞ്ഞു വീണ് കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഇവർ വീട് വിട്ടു പുറത്തിറങ്ങിയപ്പോൾ കുറെ ഭാഗം കൂടി ഇടിഞ്ഞു വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഇവർ പറഞ്ഞു.
ആശുപത്രിയുടെ മതിൽ കുറെ കാലമായി തകർച്ചയുടെ വക്കിലായിരുന്നു. മഴ കനത്തോടെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
ഇവിടെ 20 കൂടുംബങ്ങളാണ് താമസിക്കുന്നത്. മതിലിന്റെ കുറച്ച് ഭാഗങ്ങൾ ഇപ്പോഴും അപകടഭീഷണി ഉയർത്തി നിൽക്കുകയാണ്. ആശുപത്രി വളപ്പിൽ മഹാഗണി ഉൾപ്പടെയുള്ള വൻ മരങ്ങൾ വളർന്നു നിൽപ്പുണ്ട്. ഇവയുടെ വേരുകൾ മതിലിന്റെ അടിത്തറയിൽ എത്തിയപ്പോഴാണ് മതിലിന് ബലക്ഷയം വന്നതെന്ന് ആക്ഷേപമുണ്ട്.
സ്ഥലത്ത് ജനപ്രതിനിധികൾ അടക്കം എത്തി വീട്ടുകാരെ മാറ്റി പാർപ്പിച്ചു. മരം മുറിച്ച് മാറ്റി മതിൽ കെട്ടാനുള്ള നടപടികൾ എടുക്കുമെന്നും അവർ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.
District News
നെടുമങ്ങാട്: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് മുളയറയിൽ കുന്ന് ഇടിഞ്ഞ് പശുത്തൊഴുത്തിൽ പതിച്ചതിനെ തുടർന്ന് ഒരു പശുക്കിടാവ് മണ്ണിനടിയിലായി. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് കുന്ന് ഇടിഞ്ഞു തൊഴുത്തിൽ പതിച്ചത്.
മുളയറ, കരിക്കകത്ത് പുത്തൻവീട്ടിൽ ക്ഷീരകർഷകനായ സണ്ണിയുടെ വീട്ടിന് പിറകിലെ പശുതൊഴുത്തിലാണ് മണ്ണിടിച്ചിൽ സംഭവിച്ചത്. തൊഴുത്തിൽ ആ സമയത്ത് നാല് പശുക്കളും ഒരു കിടാവും ഉണ്ടായിരുന്നു. മണ്ണ് ഇടിഞ്ഞുവീണ ശബ്ദം കേട്ട് സണ്ണിയും രണ്ട് മക്കളും പുറത്തേക്ക് ഓടിയെത്തി.
അപ്പോഴും മണ്ണ് ഇടിഞ്ഞു കൊണ്ട് ഇരുന്നു. പശുക്കളെ തൊഴുത്തിൽ നിന്നും മാറ്റുന്നതിനിടയാണ് പശുക്കിടാവിനെ കാണാതായത്. ഉടൻതന്നെ അവർ മണ്ണ് നീക്കി കിടാവിനെ പുറത്തെടുത്തു. ആ സമയത്ത് കിടാവ് ശ്വാസംമുട്ടി ബോധമില്ലാത്ത അവസ്ഥയിലായിരുന്നു.
സണ്ണിയും മക്കളും ചേർന്ന് കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നൽകിയാണ് കിടാവിന്റെ ജീവൻ തിരിച്ചുപിടിച്ചത്. ഒരാഴ്ച്ച പ്രായമുള്ള പശുക്കിടാവ് ആണ്.
District News
പേരൂർക്കട: തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്കുകളും ഓട്ടോറിക്ഷകളും മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. പൂന്തുറ അമ്പലത്തറ വരവിള വീട്ടിൽ നഹാസ് (25), പൂന്തുറ മുട്ടത്തറ ടി.സി 46/1073ൽ ഷമീർ (40), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
നഹാസ് , ഷമീർ എന്നിവർക്കെതിരെ തിരുവനന്തപുരം നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിൽ സമാന സംഭവങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം തമ്പാനൂർ കെഎസ്ആർടിസി പരിസരം, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും ഓട്ടോറിക്ഷകളുമാണ് മൂന്നംഗസംഘം മോഷ്ടിച്ചത്.
എട്ടോളം വാഹനങ്ങളാണ് മൂവരും ചേർന്ന് കവർന്നത്. ഇതിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള നാല് വാഹനങ്ങൾ പൂന്തുറയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രികാലങ്ങളിൽ തമ്പാനൂർ ഭാഗത്ത് എത്തിയശേഷം വിദഗ്ധമായി പൂട്ടുകൾ പൊളിച്ച് വാഹനങ്ങൾ കടത്തിക്കൊണ്ടു പോകുകയാണ് ഇവരുടെ രീതി.
അതിനുശേഷം ഇടനിലക്കാരൻ വഴി വാഹനങ്ങൾ മറിച്ചു വിൽക്കും. വാഹനങ്ങൾ വാങ്ങുന്നതിന് ഒരു ഇടനിലക്കാരൻ ഉണ്ട്. ഇയാൾ ഈ വാഹനങ്ങളെ പൊളിച്ചു വിൽക്കുകയാണ് ചെയ്യുന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് സൂചന നൽകി.
അറസ്റ്റിലായ നഹാസ് ഷമീർ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജുവനെെൽ കോടതിയിൽ ഹാജരാക്കി. ഫോർട്ട് എസി ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം സിഐ ജിജു കുമാർ, എസ്ഐ ബിനു മോഹൻ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
District News
പേരൂർക്കട: ക്രിമിനൽ കേസ് പ്രതിയുടെ വീട് ആക്രമിച്ച സംഭവത്തിൽ എട്ടാം പ്രതിയെ മണ്ണന്തല പോലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി വെട്ടുകത്തി അച്ചു എന്ന് വിളിക്കുന്ന ആദർശ് (30) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശി രാജേഷിന്റെ വീട് അടിച്ചു തകർക്കുകയും ഇയാളെ ആക്രമിക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
ആദർശ് ഉൾപ്പെട്ട എട്ടംഗ സംഘമാണ് അമ്പഴംകോട് ആക്രമണം നടത്തിയത്. ഇവരിൽ സൂര്യ (18), സൂര്യനാരായണൻ (19), വിഷ്ണു (20), ശരത് (19), ഉണ്ണിക്കുട്ടൻ (20), 17 വയസ്സ് വീതം പ്രായമുള്ള രണ്ടുപേർ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
ആദർശിനെതിരേ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിൽ സമാനമായ ആക്രമണ കേസുകൾ നിലവിലുണ്ട്. അമ്പഴംകോട് ഭാഗത്ത് കൃത്യം നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽ താമസിച്ചു വരികയായിരുന്ന ആദർശ് തിരികെ കേരളത്തിൽ എത്തുകയും അവണാകുഴി ഭാഗത്ത് സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയുമായിരുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണന്തല സിഐ കണ്ണൻ, എസ്ഐ വിപിൻ എന്നിവരും മറ്റുള്ള പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.