തിരുവനന്തപുരം: വടവന്നൂര്‍ സ്കൂളിന്റെ പെണ്‍പട പൊന്നിന്കൊയ്ത്തു നടത്തി 1500 മീറ്ററില്‍ ഇരട്ട സ്വര്‍ണത്തിന് അവകാശികളായി. സീനിയര്‍ വിഭാഗത്തില്‍ കെ. വീണയും ജൂണിയര്‍ വിഭാഗത്തില്‍ നിവേദ്യ കലാധറുമാണ് പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്എസിനു വേണ്ടി സ്വര്‍ണത്തില്‍ ഓടിക്കയറിയത്.
ശിഷ്യര്‍ ഇരുവര്‍ക്കും സുവര്‍ണനേട്ടത്തില്‍ കുറഞ്ഞൊന്നും പറ്റില്ലെന്ന ഇവരുടെ കായികാധ്യാപകന് അജയകുമാറിന്റെ തീരുമാനപ്രകാരമാണ് ഒരേപ്രായക്കാരായ ഇരുവരേയും ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരത്തിനിറക്കിയത്.
ജൂണിയര്‍ പെണ്‍കുട്ടികളില്‍ നാലു മിനിറ്റ് 46.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് നിവേദ്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്. 1500 മീറ്ററില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സംസ്ഥാന മീറ്റില്‍ നിവേദ്യ സ്വര്‍ണം നേടുന്നത്. മുണ്ടൂര്‍ എച്ച്എസിലെ എ.എസ് അര്‍ച്ചന നാലു മിനിറ്റ് 58. 33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു വെള്ളി നേടി.
സീനിയര്‍ പെണ്‍കുട്ടികളില്‍ കെ. വീണ നാലുമിനിറ്റ് 56.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണം നേടിയപ്പോള്‍ പാലക്കാട് പറളിയുടെ എം. ഇനിയ (നാലു മിനിറ്റ് 56.65 സെക്കന്‍ഡ്) വെള്ളിയും പാലക്കാട് പനങ്ങാത്രി സ്കൂളിലെ ജി. അക്ഷയ (അഞ്ചു മിനിറ്റ് 01.21 സെക്കന്‍ഡ്) വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ കൊല്ലം സായിയുടെ മെല്ബിന് ബെന്നി (നാലു മിനിറ്റ് 07.39 സെക്കന്‍ഡ്) സ്വര്‍ണവും എച്ച്.എസ് മുണ്ടൂരിന്റെ യു. വിനോയ് (നാലു മിനിറ്റ് 07.42) വെള്ളിയും മലപ്പുറം പാണ്ടല്ലൂര് എച്ച്എസ്എസിലെ ഫൈസല്‍ ബിന്‍ അബ്ദുറഹ്മാന് (4 മിനിറ്റ് 14.03 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.
ജൂണിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം സായിയുടെ എ.ശിവപ്രസാദ് (നാലു മിനിറ്റ് 09.06 സെക്കന്‍ഡ്) സ്വര്‍ണവും മലപ്പുറം രായിരിമംഗലം എസ്എംഎംഎച്ച്എസ്എസിലെ സിഎം നൂറുള്‍ മദാനി (നാലുമിനിറ്റ് 13.50) വെള്ളി സ്വന്തമാക്കി.
Tags : daughter of Vadavanur Vadavanur