തിരുവനന്തപുരം: ആര്ത്തലച്ചുപെയ്ത മഴയ്ക്കും ട്രാക്കിനങ്ങളിലെ റിക്കാര്‍ഡ് കുതിപ്പിനെ തടയാൻ സാധിച്ചില്ല. സംസ്ഥാന സ്കൂള്‍ മീറ്റില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ തീമഴ പെയ്യിച്ച് ഫസല്ഉല് ഹഖ് സീനിയര്‍ ആൺകുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ റിക്കാര്‍ഡിന് ഉടമയായപ്പോള്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ സോന ടി. മോഹന്‍ റിക്കാര്‍ഡ് എറിഞ്ഞിട്ടു.
ട്രാക്കില്‍ നിന്ന് ആദ്യ ഇരട്ട സ്വര്‍ണത്തിന് കോട്ടയം സ്വദേശിയും മലപ്പുറം തിരുനാവായ നവാമുകുന്ദ സ്കൂളിലെ വിദ്യാര്‍ഥിനിയുമായ ആദിത്യ അജി അര്‍ഹയായി. മീറ്റിലെ വേഗമേറിയ താരമായി കഴിഞ്ഞ ദിവസം ഓടിയെത്തിയ ആദിത്യ ഇന്നലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇരട്ട സ്വര്‍ണത്തിലേക്ക് കുതിച്ചെത്തിയത്.
ആദ്യ ഇരട്ട സ്വര്‍ണത്തിളക്കത്തില്‍ ആദിത്യ
ട്രാക്കിനങ്ങളിലെ ആദ്യ ഇരട്ട സ്വര്‍ണം സ്വന്തമാക്കി ആദിത്യ അജി ഇന്നലത്തെ താരമായി. മീറ്റിലെ വേഗമേറിയ താരമായി 100 മീറ്റര്‍ ഓട്ടത്തില്‍ 12.11 സെക്കന്‍ഡില്‍ ഓടിയെത്തി ആദിത്യ വ്യാഴാഴ്ച്ച ആദ്യ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇനി 200 മീറ്ററില്‍ കൂടി മത്സരത്തിനിറങ്ങുന്നുണ്ട്. അതില്‍ സ്വര്‍ണക്കുതിപ്പ് നടത്തിയാല്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വ്യക്തിഗത ചാമ്പ്യന്‍പട്ടവും ആദിത്യയ്ക്കായിരിക്കും. കോട്ടയം എരുമേലി കൊച്ചുതോട്ടില്‍ കെ.ആര്. അജിമോന്റെയും സൗമ്യയുടെയും പുത്രിയാണ്.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ പാലക്കാട് വിഎംഎച്ച്എസിലെ എന്‍.എസ്. വിഷ്ണുശ്രീ (14.49 സെക്കന്‍ഡ്) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എന്‍.ആര്. പാര്‍വതി 15.28 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലത്തിന് അര്‍ഹയായി.
ഫസൽ റിക്കാര്‍ഡ്
ശക്തമായ മഴയില്‍ കുതിര്‍ന്ന ട്രാക്കില്‍ മിന്നും പ്രകടനം നടത്തി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുനാവായ നാവാമുകുന്ദയിലെ ഫസല്‍ ഉല് ഹഖ് 13.798 സെക്കന്‍ഡില്‍ ഫൈനല്‍ ലൈന്‍ മറികടന്നപ്പോള്‍ കടപുഴകിയത് കഴിഞ്ഞ വര്‍ഷം തൃശൂര്‍ കല്‍ദായന്‍ സിറിയന്‍ സ്കൂളിലെ വിജയ്കൃഷ്ണ സ്ഥാപിച്ച 13.97 സെക്കന്‍ഡ് എന്ന സമയം. ഈ ഇനത്തില്‍ ദേവഗിരി സാവിയോ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പി.അമര്‍ജിത്ത് (14.23 സെക്കന്‍ഡ്) വെള്ളിയും കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറിയിലെ വി. അഭിഷേക് (14.58 സെക്കന്‍ഡ്) വെങ്കലവും നേടി.
ചാരമംഗലത്തിന്റെ അനാമിക
ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിന് അനാമികയിലൂടെ രണ്ടാം സ്വര്‍ണം. കൗമാര കായികരംഗത്തേയ്ക്ക് മറ്റൊരു സ്കൂളിന്റെ കടന്നുവരവിലേക്കാണ് ഈ സൂചന. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ 14.52 സെക്കന്‍ഡില്‍ ചാമ്പ്യന്‍ സ്കൂളുകളിലെ പല താരങ്ങളെയും പിന്നിലാക്കിയാണ് അനാമിക സ്വര്‍ണത്തിലേക്ക് കുതിച്ചത്.
കഴിഞ്ഞ ദിവസം ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മൂന്നരപ്പതിറ്റാണ്ടിലധികം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്തെറിഞ്ഞ ടി. അതുലിലൂടെയായിരുന്നു ചാരമംഗലം സ്കൂള്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. കെ.ആര്. സാംജിയെന്ന കായികാധ്യാപകന്റെ പരിശീലനത്തിന് കീഴിലാണ് ഒന്നുമില്ലായ്മയില്‍ നിന്നും ഈ തീരദേശ സ്കൂളിലെ താരങ്ങളുടെ മിന്നും പ്രകടനം.
ജൂണിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ ജെ. ജയലക്ഷ്മി (15.28 സെക്കന്‍ഡ്) വെള്ളിയും കണ്ണൂര്‍ ജിവിഎച്ച്എസിലെ ടി.വി. ദേവശ്രീ (15.31 സെക്കന്‍ഡ്) വെങ്കലവും നേടി.
പരിക്കു മാറി അലന്ജിത്തിന്റെ കുതിപ്പ്
പാലക്കാട് മുണ്ടൂര്‍ ഹൈസ്കൂളിലെ എ. അലന്ജിത്തിന് കഴിഞ്ഞ രണ്ടു സ്കൂള്‍ ഗെയിംസുകളില്‍ പരിക്കായിരുന്നു പ്രധാന എതിരാളി. എന്നാല്‍, ഇക്കുറി പരിക്കില്‍ നിന്നും പൂര്ണമോചിതനായി പോരാട്ടത്തിനറങ്ങിയപ്പോള് കനക നേട്ടം. ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫോട്ടോ ഫിനിഷിംഗിലൂടെയായിരുന്നു അലന്ജിത്തിന്റെ സുവര്ണകുതിപ്പ്.
14.38.5 സെക്കന്‍ഡില്‍ മുണ്ടൂര്‍ താരം സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളിലെ കെ. അമല്‍കൃഷ്ണ (14.38.8 സെക്കന്‍ഡ്) വെള്ളിയും കോട്ടയം മുരിക്കുംവയല്‍ ഗവണ്മെന്റ് വിഎച്ച്എസ്എസിലെ ശ്രീഹരി സി. ബിനു (14.47 സെക്കന്‍ഡ്) വെങ്കലവും നേടി. പരിക്കില്‍ നിന്നും മോചിതനായി കൃത്യമായ പരിശീലനമാണ് സ്വര്‍ണക്കുതിപ്പിന് കാരണമെന്നു അമല്‍ജിത്തിന്റെ കായികാധ്യാപകന് എന്‍.എസ്. സിജിന്‍ പറഞ്ഞു.
സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റർ ഹര്‍ഡില്‍സില്‍ തിരുനാവായ നാവാമുകുന്ദയിലെ അഭയ് പ്രതാപ് (11.60 ) സ്വര്‍ണവും വയനാട് കാരിക്കുളം ജിഎച്ച്എസ്എസിലെ എം. മിധീഷ് (11.75) വെള്ളിയും നാവാമുകുന്ദയിലെ നിവേദ് ശ്രാമ്പിക്കല്‍ (11. 87) വെങ്കലവും സ്വന്തമാക്കി.
ഈ വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ എച്ച്എസ് മുണ്ടൂരിലെ എം. റെയ്ഹാന (12.35) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ ശ്രീനന്ദന (13.36)വെള്ളിയും കണ്ണൂര്‍ കരിവള്ളൂര്‍ എവിഎസ് ഹയര്‍സെക്കന്‍ഡറിയിലെ എം. ശ്രീയ വെങ്കലവുമണിഞ്ഞു.
Tags : Aditya Aji state school meet