ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റും എൻഎസ്എസ് ഓഫ് ഹഡ്സൺവാലിയുടെ ഉപദേഷ്ടാവും രക്ഷാധികാരിയുമായിരുന്ന ഡോ. പി.ജി. നായരുടെ വിയോഗത്തിൽ എൻഎസ്എസ് ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി.
ഈ മാസം 20ന് ന്യൂജഴ്സിയിലെ സ്വവസതിയിൽ വച്ചായിരുന്നു ഡോ. പി.ജി. നായരുടെ വിയോഗം. പി.ജി. നായരുടെ വേർപാടിനെ തുടർന്ന് എൻഎസ്എസ് ഓഫ് ഹഡ്സൺവാലി 24ന് വൈകുന്നേരം പ്രാർഥനായോഗവും അനുശോചന സമ്മേളനവും നടത്തി.
ജയപ്രകാശ് നായരുടെ പ്രാർഥനാ ഗാനത്തിനുശേഷം രാമായണത്തിലെയും ഭാഗവതത്തിലെയും സ്തുതികൾ പാരായണം ചെയ്ത് പരേതാത്മാവിന് നിത്യശാന്തി നേർന്നു. എൻഎസ്എസ് ഓഫ് ഹഡ്സൺവാലി പ്രസിഡന്റ് ജി.കെ. നായർ യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിക്കുകയും പി.ജി. നായരുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളെ അനുസ്മരിക്കുകയും ചെയ്തു.
സെക്രട്ടറി പത്മാവതി നായർ, ട്രഷറർ കൃഷ്ണകുമാർ, പ്രദീപ് നായർ, അനിതാ നായർ, ശരത്, ജയകുമാർ, വത്സലാ പണിക്കർ, മുരളി പണിക്കർ, ജയപ്രകാശ് നായർ, ഗോപിനാഥ് കുറുപ്പ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ഡോ. പി.ജി. നായരുടെ നന്മനിറഞ്ഞ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് ഏവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. സെക്രട്ടറി പത്മാവതി നായരുടെ കൃതജ്ഞതാ പ്രസംഗത്തോടെ അനുശോചനയോഗം അവസാനിച്ചു.