ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി ഫാ. ഡോ. ബാബു കെ. മാത്യു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ അനുമതിയോടെ 2023ൽ ആരംഭിച്ച "സഹോദരൻ' പദ്ധതിയുടെ ഭാഗമായുള്ള "കാദീശ്' ഭക്തിഗാന ആൽബത്തിന് മികച്ച സ്വീകരണം.
സെന്റ് സ്റ്റീഫൻസ് ദേവാലയത്തിന്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2024 ഒക്ടോബർ മാസത്തിലാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ "കാദീശ്' ആൽബം പ്രകാശനം ചെയ്തത്.
ഈ ആൽബത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും പരുമല കാൻസർ സെൻട്രലിലെ രോഗികൾക്കുള്ള സാമ്പത്തിക സഹായത്തിനായി വിനിയോഗിക്കാനാണ് സഹോദരൻ പദ്ധതി ലക്ഷ്യമിട്ടത്. ഒരു വർഷമായി നടന്ന ധനശേഖരണത്തിലൂടെ ഏകദേശം 12 ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞതായി ഫാ. ഡോ. ബാബു കെ. മാത്യു അറിയിച്ചു.
ഈ തുക മൂന്ന് തവണകളായി കാതോലിക്കാ ബാവയെ ഏൽപ്പിച്ചു. ഇതിന്റെ മൂന്നാം ഘട്ടമായി ലഭിച്ച നാല് ലക്ഷം രൂപയുടെ ചെക്ക് സെപ്റ്റംബർ 29ന് കാതോലിക്കാ ബാവയെ ഏൽപ്പിച്ചതോടെ കാദീശ് ആൽബത്തിന്റെ ധനസമാഹരണത്തിന് സമാപ്തിയായി.
ഫാ. ബാബു കെ. മാത്യുവിന്റെ നാലാമത്തെ ഭക്തിഗാന ആൽബമാണ് കാദീശ്. ഇതിനുമുമ്പ് അത്താണി, ആരാധ്യൻ, ആശിഷമാരി എന്നീ ആൽബങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
ഈ നാല് ആൽബങ്ങളുടെയും സംഗീത സംവിധാനം, ട്യൂൺ നൽകി നിർവഹിച്ചത് പ്രമുഖ കലാകാരനും മാരാമൺ കൺവൻഷനിലെ മ്യൂസിക് ഡയറക്ടറുമായ ജോസി പുല്ലാടാണ്. ഈ സംരംഭത്തെ വൻ വിജയമാക്കിയ എല്ലാവരോടും ഫാ. ഡോ. ബാബു കെ. മാത്യു നന്ദി അറിയിച്ചു.
Tags : kadish devotional album music