ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എഐസിസി യോഗത്തില്‍ കർശന നിർദേശം നൽകുകയായിരുന്നു രാഹുൽ ഗാന്ധി
കെപിസിസി അധ്യക്ഷൻ കൂടിയാലോചനകൾ നടത്തുന്നില്ല എന്ന പരാതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യോഗത്തിൽ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് അടുക്കവെ കൂടിയാലോചനകൾ അനിവാര്യം ആണെന്നും സതീശൻ പറഞ്ഞു.
എന്നാല്‍ നിസഹകരിക്കുന്നത് പ്രതിപക്ഷ നേതാവ് ആണെന്ന് കെപിസിസി വർക്കിംഗ് പ്രസിന്റുമാർ പറഞ്ഞു. പലവട്ടം ചർച്ചയ്ക്ക് ശ്രമിച്ചിട്ടും വഴങ്ങിയില്ലെന്നും ചർച്ചയില്‍ ആരോപണം ഉന്നയിച്ചു. വർക്കിംഗ് പ്രസിഡന്റുമാർക്കെതിരെയും സതീശൻ പരാതി ഉന്നയിച്ചു എന്നാണ് വിവരം.
ചില നേതാക്കൾ തന്നെയാണ് പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നത് എന്നും, ഇങ്ങനെ പോയാൽ പാർട്ടി വെള്ളത്തിൽ ആകുമെന്നു കെപിസിസി മുൻ അധ്യക്ഷൻ കെ .സുധാകരൻ തുറന്നടിച്ചു. ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് എഐസിസി നിർദേശിച്ചു.
ശനിയാഴ്ച സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് ഔദ്യോഗിക തുടക്കമിടും. നിർണായകമായ രണ്ട് തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ കേരളത്തിലെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി അടിയന്തിര യോഗം വിളിച്ചത്.
ഭാരവാഹി പട്ടികയിൽ തഴഞ്ഞതിൽ കടുത്ത അതൃപ്തി നേരത്തെ പരസ്യമാക്കിയ നേതാക്കളെ അടക്കം പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും പ്രത്യേകം പ്രത്യേകം കണ്ടു.