ന്യൂയോർക്ക്: ആഗോളതലത്തിൽ കോർപറേറ്റ് ജീവനക്കാരുടെ എണ്ണത്തിൽ 14,000 തസ്തികകൾ കുറയ്ക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസിലെ വർധിച്ചുവരുന്ന നിക്ഷേപങ്ങൾക്കിടയിൽ ചെലവ് നിയന്ത്രിക്കുന്നതിനായി പ്രവർത്തന തലങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നത്.
ആമസോണ്‍ യുഎസിലെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ്. കഴിഞ്ഞ വർഷം അവസാനം കന്പനിക്ക് ഏകദേശം 15.6 ലക്ഷം മുഴുവൻ സമയ, പാർട്ട് ടൈം ജീവനക്കാരുണ്ടായിരുന്നു. ആമസോണിന്റെ കോർപറേറ്റ് വിഭാഗത്തിൽ ഏകദേശം 3,50,000 ജീവനക്കാരാണുള്ളത്.
കോവിഡ് കാലത്ത് ആവശ്യകത കൂടിയ സമയത്ത് കന്പനി നടത്തിയ ഉയർന്ന നിയമനങ്ങൾ പരിഹരിക്കുന്നതിനായി ഇന്നലെ മുതൽ 30,000 കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോണ്‍ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ അടുത്ത വർഷവും തുടരുന്നതിനാൽ ഇതിലേക്ക് എത്തിയേക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാൽ കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലാകും. 2023ൽ വിവിധ ഘട്ടങ്ങളിലായി കന്പനി പറഞ്ഞുവിട്ട 27,000 തൊഴിലാളികളുടെ എണ്ണത്തെക്കാൾ കൂടുതലാകുമിത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആമസോണ്‍ തങ്ങളുടെ ജീവനക്കാരെ ഒന്നിലധികം ഡിവിഷനുകളിലായി പുനഃക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്.
Tags : Amazon workers cutting workers