കൊച്ചി: വിവര സാങ്കേതിക മേഖലയില്‍ 2031നകം അഞ്ചു ലക്ഷം തൊഴില്‍ സൃഷ്ടിക്കുകയാണു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
രാജ്യത്തെ ഐടി വിപണിയുടെ പത്തു ശതമാനം കേരളത്തിന്റേതാകണമെന്നും ഇതിനുതകുന്ന തരത്തില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120ൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍ 2031ന്റെ ഭാഗമായി ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സംഘടിപ്പിച്ച റീകോഡ് കേരള 2025 ഐടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ ഐടി സ്ഥലസൗകര്യം മൂന്നു കോടി ചതുരശ്ര അടിയായി വര്‍ധിപ്പിക്കണം.ഭൂമിലഭ്യതയിലുള്ള പരിമിതി കണക്കിലെടുത്ത് ഐടി മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ലാന്‍ഡ് പൂളിംഗ് മാതൃകയില്‍ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാറ്റ സെന്ററുകള്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൈറ്റുകള്‍, സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ എന്നിവ സംസ്ഥാനത്ത് ഉണ്ടാകണം. കേരള ഫ്യൂച്ചര്‍ ടെക്നോളജി മിഷന്, കേരള സെമികോണ്‍ മിഷന്, കേരള എഐ മിഷന് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു രൂപം നല്‍കണമെന്ന നിര്‍ദേശം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചിയിലെ മേക്കര്‍ വില്ലേജ് രാജ്യത്തെതന്നെ ഏറ്റവും വലിയ ഹാര്ഡ്വേര് ഇന്‍കുബേറ്ററായി മാറിയിട്ടുണ്ട്. വയനാട്, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ പ്രാദേശിക ഇന്‍കുബേഷന്‍, ഗവേഷണ വികസനകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി മേക്കര്‍ വില്ലേജ് 2.0 പദ്ധതിക്ക് രൂപം നല്‍കും. കേരളത്തിന്റെ ഐടി കയറ്റുമതി ഒരു ലക്ഷം കോടിയോടടുക്കുകയാണ്. നിലവില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേരാണു ജോലി ചെയ്യുന്നത്.
നാടിന്റെ വികസനം എങ്ങനെ വേണം എന്നതിനെക്കുറിച്ച് അഭിപ്രായം സമാഹരിക്കുന്നതിനായി പ്രത്യേക പദ്ധതി സര്‍ക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വോളന്റിയര്‍മാര്‍ ജനുവരിയില്‍ വീടുകള്‍ സന്ദര്‍ശിച്ച് ഓരോ മലയാളിക്കും നാടിനെക്കുറിച്ചുള്ള വികസന പ്രതീക്ഷ എന്താണെന്നു മനസിലാക്കുകയും അത് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാക്കനാട് കിന്‍ഫ്ര കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ്, പി.വി. ശ്രീനിജിന്‍ എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.