മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ്സ് എക്സ്ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ഇന്നലെ രാവിലെ ഗുരുതരമായ സാങ്കേതിക തകരാർ നേരിട്ടു.
ഇതേത്തുടർന്ന് രാവിലെ 9.00ന്് ആരംഭിക്കേണ്ട വ്യാപാരം നാല് മണിക്കൂറിലധികം വൈകി. സ്വർണം, വെള്ളി, ലോഹങ്ങൾ തുടങ്ങിയ കമ്മോഡിറ്റികളിലെ വ്യാപാരത്തെ ഇത് കാര്യമായി ബാധിച്ചു. എംസിഎക്സ് പ്ലാറ്റ്ഫോമിലെ ഏറ്റവും ദൈർഘ്യമേറിയ സ്തംഭനമാണിത്. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എംസിഎക്സ് വ്യക്തമാക്കി.
എംസിഎക്സിലെ സാധാരണ വ്യാപാരം രാവിലെ ഒന്പത് മണിക്ക് ആരംഭിക്കേണ്ടതിനു പകരം ഉച്ചകഴിഞ്ഞ് 1.25നാണ് ആരംഭിച്ചത്.
ആദ്യ ഘട്ടത്തിൽ 10.30ന് വ്യാപാരം തുടങ്ങാൻ ശ്രമിച്ചെങ്കിലും തകരാർ പരിഹരിക്കാൻ സാധിക്കാത്തതിനാൽ തുടർച്ചയായി വീണ്ടും സമയം നീട്ടിവയ്ക്കുകയായിരുന്നു. ഒടുവിൽ, എക്സ്ചേഞ്ച് തങ്ങളുടെ ഡിസാസ്റ്റർ റിക്കവറി സൈറ്റിൽനിന്ന് വ്യാപാരം പുനരാരംഭിക്കാൻ തീരുമാനിച്ചു.
ഉച്ചയ്ക്ക് 1.20 മുതൽ 1.24 വരെ ഒരു പ്രത്യേക സെഷൻ ആരംഭിക്കുമെന്നും, 1.25 മുതൽ സാധാരണ വ്യാപാരം പുനരാരംഭിക്കുമെന്നും എംസിഎക്സ് അറിയിക്കുകയായിരുന്നു. വ്യാപാരത്തെ ബാധിച്ച പ്രശ്നത്തിന്റെ കാരണം എന്താണെന്ന് എക്സ്ചേഞ്ച് വ്യക്തമാക്കിയിട്ടില്ല.
ഇതാദ്യമായല്ല എംസിഎക്സിൽ സാങ്കേതിക തകരാർ സംഭ വിക്കുന്നത്. ഈ വർഷം ജൂലൈയിലും 2023 ഫെബ്രുവരിയിലും ഒക്ടോബറിലും സമാനമായ തടസം നേരിട്ടിരുന്നു.
രാജ്യത്തെ കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ഏകദേശം 98 ശതമാനം വിപണി വിഹിതമുള്ള എംസിഎക്സിലെ തടസം നിക്ഷേപകരെ ആശങ്കപ്പെടുത്തി. ഈ സാങ്കേതിക തകരാർ കാരണം എംസിഎക്സിന്റെ ഓഹരി വിലയിൽ 1.90 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യയിൽ സ്വർണം, വെള്ളി, അസംസ്കൃത എണ്ണ, ബേസ് മെറ്റൽ (ചെന്പ്, അലുമിനിയം, സിങ്ക്, ഈയം) ഫ്യൂച്ചേഴ്സ് കോണ്ട്രാക്ടിന്റ വ്യാപാരം നടത്തുന്നതിനുള്ള വേദിയാണ് എംസിഎക്സ്. അരി, ഗോതന്പ്, ഏലക്ക, കുരുമുളക്, പരുത്തി, സോയാബീൻ എണ്ണ, കാപ്പി, പഞ്ചസാര തുടങ്ങിയ കാർഷിക ഉത്പന്നങ്ങളും ഇവിടെ വ്യാപാരം ചെയ്യുന്നു.
Tags : MCX Technical glitches Trading