കൊച്ചി: ജനറേറ്ററിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ ഇരുകണ്ണുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇറാനിയന്‍ മത്സ്യത്തൊഴിലാളിയെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.
കൊച്ചിയില്‍നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അറബിക്കടലിലാണ് എന്ജിന് തകരാറിലായ അല്‍ഒവൈസ് മത്സ്യബന്ധന പായ്ക്കപ്പലിലെ തൊഴിലാളിയെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. പായ്ക്കപ്പലില്‍ പരിക്കേറ്റ തൊഴിലാളി ഉള്‍പ്പെടെ അഞ്ചു ജീവനക്കാരാണ് ഉണ്ടായിരുന്നത്.
അപകടം നടന്നതിനു പിന്നാലെ ഇറാനിലെ എംആര്‍സിസി ചാബഹാര്‍ മുംബൈ സമുദ്ര രക്ഷാദൗത്യ കേന്ദ്രത്തിനു വിവരം കൈമാറി.
തുടര്‍ന്ന് കുവൈറ്റില്‍നിന്നു മൊറോണിയിലേക്ക് പോകുന്ന എംടി എസ്ടിഐ ഗ്രേസ് എന്ന എണ്ണക്കപ്പലിലേക്ക് അടിയന്തര സഹായ നിര്‍ദേശം നല്കി.
കോസ്റ്റ് ഗാര്‍ഡ് മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം എണ്ണക്കപ്പലിലുള്ളവരാണ് പരിക്കേറ്റ തൊഴിലാളിക്ക് ടെലിമെഡിക്കല്‍ പ്രഥമശുശ്രൂഷ നല്‍കിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐസിജി കപ്പലായ സചേതിലേക്കു മാറ്റി.
Tags : Pakkapal fuel change Explosion