ടെൽ അവീവ്: ഹമാസ് കൈമാറിയ മൃതദേഹഭാഗങ്ങൾ ഗാസയിൽനിന്നു നേരത്തേ കണ്ടെടുത്ത ബന്ദിയുടേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഹമാസ് ബന്ദിയാക്കിയിരുന്ന ഒരാളുടെ മൃതദേഹംകൂടി കഴിഞ്ഞ ദിവസം ഇസ്രയേലിനു കൈമാറിയിരുന്നു. റെഡ് ക്രോസ് വഴിയാണ് മൃതദേഹം ഇസ്രയേൽ സൈന്യത്തിനു കൈമാറിയത്.
എന്നാൽ, ഇത് മുൻപ് ഇസ്രയേൽ സൈന്യം കണ്ടെടുത്ത ബന്ദികളുടെ മൃതദേഹങ്ങളിലൊന്നിന്റെ ഭാഗമാണെന്നാണു നെതന്യാഹു ആരോപിക്കുന്നത്.
ഹമാസിന്റെ നടപടി വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് നെതന്യാഹു പറഞ്ഞു. 13 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾകൂടി ഗാസയിലുണ്ട്.
ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിൽ ഹമാസ് വരുത്തുന്ന കാലതാമസം വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ നടപ്പാക്കുന്നതിനു വെല്ലുവിളി ഉയർത്തുന്നുണ്ട്.