തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നൽകിയ 20 ലക്ഷം രൂപ ടിവികെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയച്ച് വീട്ടമ്മ. സാന്ത്വനവുമായി കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് നഷ്ടപരിഹാരത്തുക വീട്ടമ്മ തിരികെ നൽകിയത്.
കരൂരിൽ വിജയ്യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട് മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നൽകിയത്. വിജയ് നേരിട്ട് അനുശോചനമറിയിക്കാൻ വരാത്തതിനാലാണിതെന്നും പണത്തെക്കാൾ വലുതാണ് അദ്ദേഹം നേരിട്ട് സന്ദർശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു.
സംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നു. വിജയ് നടത്തിയ കൂടിക്കാഴ്ചയിൽ കരൂർ ദുരന്തത്തിനിരയായവരുടെ 37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയിരുന്നത്. കരൂരിൽ നേരിട്ടുചെന്ന് കുടുംബങ്ങളെ കാണാത്തതിൽ വിജയ് വിശദീകരണം നൽകിയിരുന്നു.
മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞെന്നും എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാൻ പറഞ്ഞതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്. ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ടുകണ്ടത്. എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക സഹായവും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകി.