നെന്മാറയിലും വ്ലാത്താങ്കര ചീരകൃഷി വിജയമായി
1516503
Saturday, February 22, 2025 12:49 AM IST
നെന്മാറ: വ്ലാത്താങ്കര ചീരകൃഷി നെന്മാറയിലും ആരംഭിച്ചു. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി പച്ചക്കറി വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് നെന്മാറയിലും വ്ലാത്താങ്കര ചീരകൃഷി ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ പഞ്ചായത്തിലെ തനതുചീരയാണ് വ്ലാത്താങ്കര ചീര. വിത്തനശേരിയിലെ കർഷകനായ വി. രാധാകൃഷ്ണന്റെ കൃഷിയിടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്.
തീക്ഷ്ണമായ ചുവപ്പു നിറമാണ് ഇതിന്റെ പ്രത്യേകത. സാധാരണ ചീരകൾക്കില്ലാത്ത ഈ അരുണശോണിമയും വർഷം മുഴുവൻ വിളവെടുക്കാവുന്നതും ഒരാൾ പൊക്കത്തിൽ വളരുന്നു എന്നതും ഇതിനെ മറ്റു ചീരയിനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ 10 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. ഇതിനാവശ്യമായ വിത്ത് കിലോക്ക് 3600 രൂപ നിരക്കിൽ ചെങ്കൽ പഞ്ചായത്തിലെ കർഷകരിൽ നിന്നാണ് ശേഖരിച്ചത്.
നെന്മാറ കൃഷിഭവനന്റെ നിർദേശാനുസരണം കഴിഞ്ഞ ഒക്ടോബറിലാണ് വിത്തിറക്കിയത്.
പരമ്പരാഗത വിത്തിനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് ജില്ലയുടെ പച്ചക്കറി ഗ്രാമമായ വിത്തനശേരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കാൻ തീരുമാനിച്ചത്.
വ്ലാത്താങ്കര ചീരയുടെ ഗുണവും നിറവും ഒട്ടുംചോരാതെ നെന്മാറയിലും കൃഷി ചെയ്യാൻ കഴിഞ്ഞതോടെ ചീരയുടെ ശിഖരങ്ങൾ മുറിച്ച് വില്പന നടത്താതെ ചീര വിത്ത് ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കാനുള്ള നടപടികളാണ് നെന്മാറ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്ന് കൃഷിഭവൻ അധികൃതർ പറഞ്ഞു.