വെറ്ററിനറി പോളിക്ലിനിക്കിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നു പരാതി
1516493
Saturday, February 22, 2025 12:49 AM IST
ഒറ്റപ്പാലം: സർക്കാർ വെറ്ററിനറി പോളി ക്ലിനിക്കിൽ രാത്രികാലസേവനം ഏർപ്പെടുത്തണമെന്ന് ആവശ്യം. താലൂക്ക് പരിധിയിലാകെ ലഭിക്കേണ്ട സേവനമാണ് ഇത്രയും കാലമായി നിലച്ചത്. ചുമതലയിലുണ്ടായിരുന്ന താത്കാലിക ഡോക്ടർ ജോലി ഉപേക്ഷിച്ചുപോയതും പുതിയ ഡോക്ടർ ചുമതലയേൽക്കാത്തതുമെല്ലാം രാത്രികാലസേവനങ്ങൾ നിലയ്ക്കുന്നതിന് കാരണമാണ്.
ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ കുറച്ചുകാലമായി പോളി ക്ലിനിക്കിലെ രാത്രികാലസേവനം നടന്നിരുന്നത്. പിഎസ് സി പരീക്ഷയും മറ്റും വന്നതോടെ മൂന്നുമാസംമുൻപ് താത്കാലികാടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന ഈ ഡോക്ടർ സേവനം നിർത്തി. ഇതോടെ പ്രതിസന്ധി തുടങ്ങി. എന്നാൽ, പരിഹരിക്കാൻ താത്കാലികാടിസ്ഥാനത്തിൽത്തന്നെ പുതിയ ഡോക്ടറെ നിയമിച്ചെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. ദൂരത്തുനിന്നുവന്ന് ജോലിചെയ്യുന്നതുമൂലമുള്ള ബുദ്ധിമുട്ടാണ് ഇതിനു കാരണമെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ പ്രതിസന്ധി തുടരുമെന്ന സ്ഥിതിയാണ്.
രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഈ ഡോക്ടറുടെ സേവനം. നേരത്തേ ഒരു അറ്റൻഡറുടെ സേവനവും ഇവിടെയുണ്ടായിരുന്നു. ഒരുവർഷം മുൻപ് ഇത് നിർത്തിയതോടെയാണ് രാത്രിയിൽ ഡോക്ടർ മാത്രമായത്. സഹായത്തിന് ജീവനക്കാരില്ലാത്തതും ഡോക്ടർമാർക്ക് തലവേദനയാകാറുണ്ട്. ഒറ്റപ്പാലം സർക്കാർ വെറ്ററിനറി പോളിക്ലിനിക്കിൽ രണ്ട് വെറ്ററിനറി സർജൻമാരും ഒരു സീനിയർ വെറ്ററിനറി സർജനുമാണുള്ളത്.
പുറമേ അനിമൽ ബെർത്ത് കൺട്രോൾ വിഭാഗത്തിൽ ഒരു ഡോക്ടറുമുണ്ട്. ഒറ്റപ്പാലം-പട്ടാമ്പി താലൂക്കുകളിലെ തെരുവുനായ വന്ധ്യംകരണം ഇവിടെനിന്നാണ് ചെയ്യുന്നത്. തിരക്കേറിയ ക്ലിനിക്കിൽ മറ്റൊരു ഡോക്ടറെ രാത്രി ചുമതലപ്പെടുത്താനില്ലാത്തത് മൃഗങ്ങൾക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഉയർന്നുവന്നിട്ടുള്ള ജനകീയാവശ്യം.