പനയൂർ പാടശേഖരങ്ങളിൽ രണ്ടാംവിള നഷ്ടം; കർഷകർക്കു തിരിച്ചടി
1516500
Saturday, February 22, 2025 12:49 AM IST
ഒറ്റപ്പാലം: പനയൂർ പാടശേഖരങ്ങളിൽ കർഷകർക്ക് തിരിച്ചടി. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നഷ്ടത്തിന്റെ ബാക്കിപത്രമാണ് കർഷകർക്ക് ലഭിച്ചത്. വിളവ് ഇത്തവണ മഹാമോശമായിരുന്നുവെന്ന് കർഷകർ പറയുന്നു. രണ്ടാംവിള കൊയ്തെടുത്ത പനയൂരിലെ പാടശേഖരങ്ങളിൽ കർഷകർക്ക് വൈക്കോലുപോലും നഷ്ടമായെന്നാണ് പരാതി.
ഒരേക്കറിൽ 50 മുതൽ 60 വരെ കെട്ട് വൈക്കോൽ ലഭിക്കുന്നതാണ്. ഒരുകെട്ട് വൈക്കോലിന് 120 മുതൽ 150 രൂപവരെ ഇപ്പോൾ വിലയും ലഭിക്കുന്നുണ്ട്. എന്നാൽ, പാടങ്ങളിൽ വെള്ളം വറ്റാതായതോടെ കർഷകർക്ക് വൈക്കോൽ നഷ്ടമാവുകയായിരുന്നു. ചെളിയിൽ യന്ത്രമുപയോഗിച്ച് കൊയ്തെടുത്തതോടെ കർഷകർക്ക് ഒരുകെട്ട് വൈക്കോൽപോലും ഇത്തവണ ലഭിച്ചില്ല.
നെല്ല് വിളഞ്ഞതോടെ കൊയ്തെടുക്കാനായി പാടങ്ങളിലെ വെള്ളം വറ്റിക്കാൻ തുടങ്ങിയതായിരുന്നു. എന്നാൽ, സമീപത്തുകൂടി പോകുന്ന കുടിവെള്ള വിതരണ പ്രധാന പൈപ്പ് പൊട്ടി വെള്ളം മുഴുവനായും പാടത്തേക്ക് ഒഴുകുകയായിരുന്നു. ഇതുംകൂടിയായതോടെ പാടങ്ങളിൽ വെള്ളം വറ്റാത്ത സ്ഥിതിയായെന്ന് കർഷകർ പറഞ്ഞു. കൂടുതൽദിവസം കാത്തിരുന്നാൽ നെല്ല് വീഴുകയും നഷ്ടം കൂടുകയും ചെയ്യും.
ഇതോടെ വിളഞ്ഞ നെല്ല് കൊയ്തെടുക്കാൻ ചെളിയിലേക്ക് കൊയ്ത്തുയന്ത്രങ്ങൾ ഇറക്കേണ്ടിവന്നു. വെള്ളം വറ്റുന്നതിന് കാത്തിരുന്നാൽ കൊയ്തെടുക്കാൻ യന്ത്രം ലഭിക്കാത്ത സ്ഥിതിയും വരും. ആളുകളെ ഉപയോഗിച്ച് കൊയ്തെടുക്കുകയാണെങ്കിൽ ഇരട്ടിച്ചെലവും വരുന്നു. അതിനാൽ, നഷ്ടം സഹിച്ചും ഇറക്കിയ നെൽകൃഷി കൊയ്തെടുക്കുകയായിരുന്നു കർഷകർ. നെല്ലും വൈക്കോലും പ്രതീക്ഷിച്ച് തുടങ്ങിയ കൃഷിയാണ്. എന്നാൽ, പലവിധ പ്രശ്നങ്ങൾ കാരണം നെല്ലാകട്ടെ ലഭിച്ചത് പകുതിമാത്രം.
വീട്ടിലെ പശുകൾക്ക് തീറ്റയ്ക്കുള്ള വൈക്കോൽ പോലും ഇത്തവണ പണം നൽകി വാങ്ങേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. നല്ലവിലയുള്ള വൈക്കോലാണ് ചെളികാരണം പൂർണമായും നഷ്ടത്തിലായത്. ചാഴിയും കാലാവസ്ഥാപ്രശ്നവും കാരണം നഷ്ടങ്ങളേറെയാണ് കർഷകർക്ക് നേരിട്ടത്. ലഭിച്ച നെല്ലാകട്ടെ പകുതിയും പതിരുമാണ്. ക്ഷീരകർഷകരായ നെൽകൃഷികാർക്കുപോലും ഇത്തവണ വൈക്കോൽ പണംനൽകി വാങ്ങേണ്ട അവസ്ഥയാണ്. ഇതോടെ വൈക്കോലിലൂടെ പ്രതീക്ഷിച്ച വരുമാനമില്ലാതെ സാമ്പത്തികനഷ്ടത്തിലേക്ക് എത്തിയിരിക്കുകയാണ് കർഷകർ. വാണിയംകുളത്തെ പല പാടശേഖരങ്ങളിലും നഷ്ടത്തിന്റെ ബാക്കിപത്രമാണ് കർഷകർക്ക് പറയാനുള്ളത്.