വെള്ളമില്ല; ഉൾക്കാടുകളിലേക്കു മാറി ആദിവാസികൾ
1516498
Saturday, February 22, 2025 12:49 AM IST
മംഗലംഡാം: കോളനികൾക്കടുത്തുള്ള കാട്ടുചോലകളിൽ വെള്ളംവറ്റിയതോടെ കടപ്പാറക്കടുത്തെ തളികക്കല്ല് ആദിവാസി കോളനിയിലെ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി ആദിവാസി കുടുംബങ്ങൾ വെള്ളമുള്ള ഉൾക്കാടുകളിലേക്ക് താമസം മാറി. തളികക്കല്ല് ആദിവാസി കോളനിയിൽ നിന്നും 20 ലേറെ കുടുംബങ്ങൾ ഉൾക്കാട്ടിലേക്ക് താമസം മാറിയതായി ഊരുമൂപ്പൻ നാരായണൻ പറഞ്ഞു. കാരപ്പാറ, പടിക്കുറ്റി, ചിമ്മിനി തുടങ്ങിയ ഉൾക്കാടുകളിലേക്കാണ് കുടുംബങ്ങൾ താമസം മാറിയിട്ടുള്ളത്.
പുഴകളുള്ള ഈ പ്രദേശങ്ങളിൽ ഏതുകാലത്തും വെള്ളമുണ്ടാകും. ഇതിനാൽ ആനക്കൂട്ടങ്ങളും കൂടുതലായി തങ്ങുന്നത് ഇത്തരം പ്രദേശങ്ങളിലാണ്.ഇവിടെ കഴിയുമ്പോൾ ആനയുടെ മുന്നിൽപ്പെടാതെ നോക്കണം. പീച്ചി താമരവെള്ളച്ചാലിലെ ആദിവാസിയെ കഴിഞ്ഞ ദിവസം ഉൾക്കാട്ടിൽ വച്ച് ആന കൊലപ്പെടുത്തിയ സംഭവം ഇവരിലും വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. എ ന്നാൽ വേനൽ കഴിച്ചുകൂട്ടാൻ മറ്റുവഴികളില്ലെന്നാണ് ഇവർ പറയുന്നത്. കോളനിക്കടുത്തെ ചോലകളിൽ വെള്ളമുള്ള സ്ഥലങ്ങളിലും ആനക്കൂട്ടങ്ങൾ സ്ഥിരമായുണ്ട്. ആനകളെത്തിയാൽ പിന്നെ കുഴികളിലെ വെള്ളം മുഴുവൻ കുടിച്ചു തീർക്കും.
ചൂടിൽ എല്ലാവരും കുളികൂടി നടത്തിയാൽ പിന്നെ കുഴികളിലെ വെള്ളം പൂർണമായും വറ്റും. പിന്നീട് കുഴിയിൽ വെള്ളം നിറഞ്ഞ് ഹോസുവഴി രണ്ടോമൂന്നോ കിലോമീറ്റർ താഴെയുള്ള കോളനിയിൽ വെള്ളം എത്താൻ ദിവസങ്ങളെടുക്കും. കുഴിയിൽ നിന്നുള്ള ഹോസുകൾ ആനകൾ ചവിട്ടിയും വലിച്ചുകളഞ്ഞും നശിപ്പിച്ചാൽ ഹോസ് റിപ്പയറിംഗും വേണ്ടിവരും. കോളനിയിൽ തങ്ങുന്നവർക്കും ഇത് ദുരിതമാവുകയാണ്.
മാൻകൂട്ടങ്ങളും വെള്ളംകുടിക്കാനെത്തും. കഴിഞ്ഞദിവസം കാട്ടുപോത്തുകളുടെ കൂട്ടവും കോളനിക്കടുത്തെ കുഞ്ചിയാർപ്പതി മലവഴിയിലെ കുഴിയിലെ വെള്ളം കുടിക്കാൻ എത്തിയിരുന്നതായി മൂപ്പൻ പറഞ്ഞു. ബഹളംവച്ച് അവയെ ഉൾക്കാട്ടിലേക്ക് കയറ്റി വിട്ടു. തളികക്കല്ലിലെ ആദിവാസി കുടുംബങ്ങൾക്ക് പലർക്കും കുരുമുളക് കൃഷിയുണ്ട്. ഇതിന്റെ വിളവെടുപ്പു സീസണായതിനാലാണ് പല കുടുംബങ്ങളും കോളനിയിൽ തന്നെ തങ്ങുന്നത്.
വിളവെടുപ്പ് കഴിഞ്ഞാൽ ഈ കുടുംബങ്ങളും ഉൾക്കാടുകളിലേക്ക് താമസം മാറും. ഇതോടെ കുട്ടികളുടെ പഠനവും മുടങ്ങും.പിന്നെ മഴപെയ്ത് വെള്ളമാകുമ്പോഴാണ് കുടുംബങ്ങൾ കോളനികളിലെ വീടുകളിലെത്തുക.
അരി ഉൾപ്പെടെ ആഴ്ചകളും മാസങ്ങളും തങ്ങാനുള്ള സാധനങ്ങളുമായാണ് കുട്ടികളുൾപ്പെടെയുള്ള കുടുംബങ്ങൾ ഉൾക്കാടുകളിേക്ക് പോവുക. മുമ്പെങ്ങും ഇല്ലാത്ത വിധം കാട്ടുമൃഗങ്ങൾ കോളനിക്കു ചുറ്റും കടപ്പാറയിൽ നിന്നും കോളനിയിലേക്കുള്ള വഴികളിലും രാപ്പകൽ വ്യത്യാസമില്ലാതെ എത്തുന്നതായി കോളനിക്കാർ പറഞ്ഞു.
ഇതുമൂലം അത്യാവശ്യങ്ങൾക്ക് പുറത്തുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ആനയെ പേടിച്ച് വാഹനം വാടകക്ക് വിളിച്ചാലും മലകയറി വരാൻ ആരും ധൈര്യപ്പെടാത്ത സ്ഥിതിയുമുണ്ട്.