അട്ടപ്പാടി, ഷോളയൂർ മേഖലയിലെ ആദിവാസി ഉന്നതികളിൽ ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി
1516495
Saturday, February 22, 2025 12:49 AM IST
പാലക്കാട്: ദേശീയ ഭക്ഷ്യ ഭദ്രതാനിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾക്ക് കീഴിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി അട്ടപ്പാടി, ഷോളയൂർ മേഖലയിലെ ആദിവാസി ഉന്നതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. കമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
പാലക്കയത്ത് പ്രവർത്തിക്കുന്ന എആർഡി 66 റേഷൻ കടയിൽ സന്ദർശനം നടത്തിയ കമ്മീഷൻ സ്റ്റോക്ക് പരിശോധിക്കുകയും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു.
പച്ചരി, പുഴുക്കലരി, ഗോതന്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ ഗണ്യമായ കുറവ് പരിശോധനയിൽ കണ്ടെത്തി.
മുത്തിക്കുളം, സിങ്കപ്പാറ ആദിവാസി മേഖലകളിലേക്കാണ് ഇവിടെ നിന്നും ഭക്ഷ്യവിതരണം നടത്തുന്നത്. നിയമലംഘനം വളരെ ഗുരുതരമാണെന്നും ഇത്തരത്തിൽ ഭക്ഷ്യധാന്യങ്ങളിൽ കുറവ് വരുത്തുന്നത് അർഹരായവർക്ക് റേഷൻ നിഷേധിക്കുന്നതിന് തുല്യമാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
ശരിയായ രീതിയിൽ റേഷൻ സാധനങ്ങൾ സൂക്ഷിക്കാതെ റേഷൻ കട നടത്തിപ്പിലും ഭക്ഷ്യധാന്യ വിതരണത്തിലും ഗുരുതരവീഴ്ച വരുത്തിയ റേഷൻ കട ഉടമയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു.
മുത്തിക്കുളം ഉന്നതിയിലെ അങ്കണവാടിയും കമ്മീഷൻ സന്ദർശിച്ചു. അങ്കണവാടിയിൽ സ്ഥിരമായി വർക്കറിനെ നിയമിക്കുന്നതിനും സൂപ്പർവൈസർ, സിഡിപിഒ എന്നിവർ എല്ലാ മാസവും ഇവിടെ സന്ദർശനം നടത്തണമെന്നും സെന്ററിന്റ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും കമ്മീഷൻ കർശന നിർദേശം നൽകി.