ഗർഭിണികൾക്കു പോഷകാഹാരം വീടുകളിൽ എത്തിച്ചുനൽകണം: ഭക്ഷ്യസുരക്ഷാ കമ്മീഷൻ
1516494
Saturday, February 22, 2025 12:49 AM IST
പാലക്കാട്: മലന്പുഴ മേഖലയിലെ ഗോത്രവർഗ ഉന്നതികളിലെ ഗർഭിണികൾക്ക് പോഷകാഹാരം വീടുകളിലെത്തിച്ച് നൽകണമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷൻ അധ്യക്ഷൻ ഡോ. ജിനു സഖറിയ ഉമ്മൻ. ദേശീയ ഭക്ഷ്യ ഭദ്രതാനിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾക്ക് കീഴിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി മലന്പുഴ മേഖലയിലെ പട്ടാറോഡ്, എലിവാൽ, കൊല്ലംകുന്ന്, കൊച്ചിത്തോട്, മുതിരംകുന്ന്, മേട്ടുപ്പതി, കൊല്ലംകുന്ന് ഗോത്രവർഗ ഉന്നതികളിൽ സന്ദർശനം നടത്തുകയായിരുന്നു കമ്മീഷൻ.
മതിയായ രേഖകൾ ഇല്ല എന്ന കാരണത്താൽ ജനനി സുരക്ഷാ പദ്ധതിപ്രകാരം ലഭിക്കുന്ന പ്രസവാനൂല്യം മുടങ്ങരുതെന്നും രേഖകൾ വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതോടൊപ്പം കൊല്ലംകുന്ന് അങ്കണവാടിയിലും കമ്മീഷൻ സന്ദർശനം നടത്തി. ആദ്യം എത്തുന്ന സ്റ്റോക്കുകളിലെ ഭക്ഷ്യധാന്യങ്ങൾ ആദ്യം ഉപയോഗിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി.
ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി. മിനിമോൾ, ടിഇഒ എ. സുരേന്ദ്രൻ നേതൃത്വത്തിൽ ഉള്ള പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥർ, വാളയാർ റേഞ്ച് ഓഫീസർ മുഹമ്മദലി ജിന്ന, മലന്പുഴ ജനമൈത്രി പൊലീസ് എസ്എച്ച്ഒ കരീം, സുവർണകുമാർ, അസീന കമ്മീഷനൊപ്പം ഉണ്ടായിരുന്നു.