കരിപ്പാലി-പാളയം റോഡ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു
1516491
Saturday, February 22, 2025 12:49 AM IST
വടക്കഞ്ചേരി: രണ്ട് പുഴകൾ ഒഴുകുന്നതിനടുത്ത കരിപ്പാലി-പാളയം റോഡ് നാട്ടിലെ മാലിന്യങ്ങളെല്ലാം തള്ളാനുള്ള റോഡായി മാറിയിരിക്കുകയാണ്. അറവുമാലിന്യങ്ങളും കക്കൂസ്മാലിന്യങ്ങളും ഉൾപ്പെടെ ഈ റോഡിന്റെ രണ്ടുവശത്തും പുഴകളിലുമാണ് മാലിന്യം തള്ളുന്നത്. ദുർഗന്ധം വമിച്ച് വഴി നടക്കാനാകാത്ത സ്ഥിതിയാണിപ്പോൾ.
വെള്ളംകുറഞ്ഞ കരിപ്പാലി പുഴയിലാണ് മാലിന്യചാക്കുകൾ കൂടുതലും നിറയുന്നത്. പാലത്തിൽ വാഹനം നിർത്തി പുഴയിലേക്ക് മാലിന്യം തള്ളും. പാളയം പാലം പ്രദേശത്ത് ആളുകൾ ഉണ്ടാകുന്നതിനാൽ അവിടെ മാലിന്യം നിക്ഷേപിക്കുന്നതിൽ കുറവുണ്ട്. കുടിവെള്ള പദ്ധതികളുള്ള പുഴകളിലാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നത്.
അതിരാവിലെ കരിപ്പാലി പാലത്തിലാണ് പച്ചമത്സ്യ വില്പന. ചെറുകിട മത്സ്യ വില്പനക്കാരെല്ലാം ഇവിടെയെത്തിയാണ് മത്സ്യം വാങ്ങി വില്പനക്ക് പോവുക. അഴുക്കുവെള്ളം റോഡിലൂടെ ഒഴുക്കും. കേടുവന്ന മത്സ്യം മുഴുവൻ പുഴയിലേക്കും വലിച്ചെറിയും.
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളും മറ്റു സ്ഥാപനങ്ങളുമുള്ള റോഡാണിത്. ഈ മാലിന്യവഴിയിലൂടെ വേണം കുട്ടികൾക്ക് സ്കൂളിലെത്താൻ. തീറ്റ സമൃദ്ധമായതിനാൽ നായ്ക്കൂട്ടങ്ങളും പന്നിക്കൂട്ടങ്ങളും ഇവിടെ നിറയുകയാണ്.
ഇവ റോഡിനു കുറുകെ പാഞ്ഞ് വാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും കുറവല്ല. മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിൽ നിന്നും കരിപ്പാലി പാലം മുതൽ നൂറ് മീറ്ററോളം ദൂരം ആളൊഴിഞ്ഞ പ്രദേശമാണ്.ഇതാണ് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നത്. രാത്രിയിൽ ഇവിടെ വെളിച്ചസംവിധാനവുമില്ല.
പ്രായമായി അവശതയുള്ള വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്നതും ഇവിടെയാണിപ്പോൾ. നേരത്തെ കരിപ്പാലി പാലത്തിനടുത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറ സ്ഥാപിച്ചിരുന്നു.
ഇപ്പോൾ ഇത് പ്രവർത്തിക്കുന്നില്ല. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്.
കാമറകളുടെ പ്രവർത്തനം പുനസ്ഥാപിച്ച് മാലിന്യം തള്ളുന്നവർന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പാലത്തിലുള്ള മത്സ്യവില്പനയും നിരോധിക്കണം.
മതിയായ തെരുവുവിളക്കുകൾ സ്ഥാപിച്ചും മാലിന്യ നിക്ഷേപം ഒഴിവക്കണം.